രേഷ്മ ബനോ ഖുറേഷി, ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലെ ശ്രദ്ധാകേന്ദ്രം അവളായിരുന്നു. 19 വയസ് മാത്രമേ ഉള്ളൂവെങ്കിലും രേഷ്മ സഹിച്ച വേദനകള്‍ക്കു പരിധിയില്ല. സൗന്ദര്യത്തിന്റെ ലോകത്ത് പാറിപ്പറക്കാന്‍ കൊതിച്ച അവളുടെ സ്വപ്നങ്ങള്‍ ആസിഡിന്റെ രൂപത്തില്‍ കരിഞ്ഞുണങ്ങി. അതിനു കാരണക്കാരന്‍ സ്വന്തം കുടുംബത്തില്‍നിന്നുള്ളതും.
ആസിഡ് ആക്രമണത്തില്‍ ഇടത് കണ്ണുള്‍പ്പെടെ മുഖത്തിന്റെ ഒരു വശം മുഴുവന്‍ നഷ്ടപ്പെട്ടു. വേദനകള്‍ സഹിച്ച് ജീവിക്കാന്‍ അവള്‍ ഇഷ്ടപ്പെട്ടില്ല. മെഡിക്കല്‍ സ്റ്റോറുകളില്‍ ആസിഡുകള്‍ വില്‍ക്കുന്നതിനെതിരേ അവള്‍ കോടതി കയറി അനുകൂല വിധി നേടി. ഇന്ന് ഫാഷന്‍ റാംപുകളില്‍ രേഷ്മ ചുവടുവയ്ക്കുന്നത് തനിക്കുവേണ്ടി മാത്രമല്ല, ആസിഡ് ആക്രമണങ്ങളില്‍പ്പെട്ട് നരകയാതന അനുഭവിക്കുന്ന അനേകം പെണ്‍കുട്ടികള്‍ക്കുവേണ്ടികൂടിയാണ്. ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ അര്‍ച്ചന കോഛാര്‍ രൂപകല്പന ചെയ്ത വെള്ളയില്‍ നിറവൈവിധ്യങ്ങള്‍ വിരിഞ്ഞ ഗൗണ്‍ ധരിച്ചാണ് രേഷ്മ ചുവടുവച്ചത്. കാഴ്ചക്കാരുടെ കണ്ണുകള്‍ നിറഞ്ഞെങ്കിലും അവളുടെ മുഖം പ്രകാശഭരിതമായിരുന്നു.