ഹൈദരാബാദ്: അന്യസംസ്ഥാനങ്ങളില്‍നിന്ന് താരങ്ങളെ കൊണ്ടുവരാനുള്ള കേരളത്തിന്റെ തീരുമാനം ഗുണം ചെയ്യുന്നു. ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍. ഇഖ്ബാല്‍ അബ്ദുള്ളയുടെ തകര്‍പ്പന്‍ സെഞ്ചുറിയും (പുറത്താകാതെ 157) സച്ചിന്‍ ബേബി (80), ജലജ് സക്‌സേന (79) എന്നിവരുടെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ കേരളം ഒന്നാം ഇന്നിംഗ്‌സില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 506 റണ്‍സെടുത്തു.
നാലിന് 244 എന്ന നിലയില്‍ രണ്ടാം ദിനം കളി തുടങ്ങിയ കേരളത്തെ സച്ചിന്‍ ബേബിയും ജലജും മുന്നോട്ടു നയിച്ചു. 209 പന്തില്‍ എട്ടു ബൗണ്ടറിയുടെ അകമ്പടിയോടെയാണ് സച്ചിന്‍ 80 റണ്‍സ് നേടിയത്. ജലജിന്റെ ഇന്നിംഗ്‌സില്‍ 13 ബൗണ്ടറികളുണ്ടായിരുന്നു. ജലജ് സക്‌സേന പുറത്തായ ശേഷം ക്രീസിലെത്തിയ ഇഖ്ബാല്‍ നിറഞ്ഞാടിയപ്പോള്‍ കേരളത്തിന്റെ സ്‌കോറും കുതിച്ചു. 214 പന്തില്‍ 14 ബൗണ്ടറിയും ആറു സിക്‌സുമടക്കമാണ് ഇഖ്ബാല്‍ 157 റണ്‍സ് സ്വന്തമാക്കിയത്. 40 റണ്‍സ് നേടിയ മോനിഷ് ഇഖ്ബാലിനു മികച്ച പിന്തുണയും നല്‍കി. ഹൈദരാബാദിനു വേണ്ടി മെഹ്ദി ഹസന്‍ മൂന്നു വിക്കറ്റ് നേടി.
ഇഖ്ബാല്‍ അബ്ദുള്ള രഞ്ജി ട്രോഫിയുടെ ഈ സീസണില്‍ അതിഥി താരമായാണ് കേരള ടീമിലെത്തിയത്. മുന്‍ മുംബൈ താരമായ ഇഖ്ബാല്‍ അബ്ദുള്ളയുടെ രണ്ടാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയായിരുന്നു ഇത്. രഞ്ജിയില്‍ കേരളത്തിന്റെ മൂന്നാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തില്‍ ജമ്മു കാഷ്മീരുമായി സമനിലയില്‍ പിരിഞ്ഞിരുന്ന കേരളം രണ്ടാം മത്സരത്തില്‍ ഹിമാചല്‍ പ്രദേശിനോട് പരാജയപ്പെട്ടിരുന്നു. മൂന്നു പോയിന്റ് മാത്രമാണ് കേരളത്തിനുള്ളത്.