തിരുവനന്തപുരം: ഇടതു തരംഗമാഞ്ഞടിച്ച തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ നാലു മന്ത്രിമാര്‍ പരാജയം രുചിച്ചു. ബാര്‍ കോഴയാരോപണത്തില്‍ ഏറെ പഴികേട്ടിട്ടും, ഉമ്മന്‍ ചാണ്ടിയുടെ പിന്തുണ കൊണ്ട് മാത്രം സ്ഥാനാര്‍ഥിത്വം നേടിയെടുത്ത കെ.ബാബു, ആര്എസ്പിയുടെപതനം പൂര്‍ത്തിയാക്കി ഷിബു ബേബി ജോണ്‍, യുഡിഎഫ് മന്ത്രിസഭയിലെ ഏക വനിതാംഗമായിരുന്ന പി.കെ. ജയലക്ഷ്മി, കൃഷിമന്ത്രിയായിരുന്ന കെ.പി.മോഹനന് എന്നിവര്‍ക്കാണ് ഇടതു തരംഗത്തില്‍ അടിപതറിയത്.
തൃപ്പൂണിത്തുറയില്‍ 4467 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്വരാജിലൂടെ മണ്ഡലം പിടിച്ചെടുത്ത്. ഇടതിനൊപ്പം ചേര്‍ന്ന് കോവൂര്‍ കുഞ്ഞുമോന് പോലും വിജയിച്ചപ്പോള്‍ 6189 പരാജയം രുചിക്കാനായിരുന്നു ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്റെ വിധി. സ്ത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കിയ വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്ന പി.കെ. ജയലക്ഷ്മിക്ക് 1307 വോട്ടിന്റെ അപ്രതീക്ഷിത തോല്‍വിയാണ് പിണഞ്ഞത്. നോട്ടക്ക് വോട്ടു കുത്തിയ ആയിരത്തിലേറെപ്പേരും ജയലക്ഷ്മിയുടെ പരാജയത്തിന്റെ പെട്ടിയില്‍ ആണിയടിച്ചെന്നു വേണം കരുതാന്‍. ഇടതു കോട്ടയായ കണ്ണൂര്‍ ജില്ലയില്‍, 12291 വോട്ടുകള്‍ക്ക് ഇടതു സ്ഥാനാര്‍ഥി കെ.കെ. ഷൈലജ ടീച്ചര്‍ കൂത്തുപറമ്പില്‍ വിജയിച്ചപ്പോള്‍ ഞെട്ടിയത് കൃഷിമന്ത്രിയായിരുന്ന കെ.പി. മോഹനാണ്.