ഇടമലക്കുടി വാര്‍ത്ത നിയമസഭയിലും! അവിടെ പട്ടിണിയില്ലെന്നു രാജേന്ദ്രന്‍ എംഎല്‍എ; എംഎല്‍എ പറയുന്നതു പച്ചക്കള്ളമെന്നു ബിജെപി

PATTINIതിരുവനന്തപുരം: ഇടമലക്കുടിയില്‍ ആദിവാസികള്‍ നേരിടുന്ന ദുരിതം സംബന്ധിച്ചു രാഷ്്ട്രദീപികയും ദീപികയും പ്രസിദ്ധീകരിച്ച വാര്‍ത്ത നിയമസഭയില്‍ ചര്‍ച്ചയായി. ധനവിനിയോഗ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ഐ.സി. ബാലകൃഷ്ണനാണു ദീപിക വാര്‍ത്ത സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ആദിവാസി സമൂഹം സംസ്ഥാനത്തു നേരിടുന്ന ദയനീയ സ്ഥിതിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഐ.സി. ബാലകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാര്‍ ഇതു കണ്ടില്ലെന്നു നടിക്കുകയാണ്. മാനന്തവാടിയില്‍ ആദിവാസി യുവതി ആംബുലന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തുന്നതിനു മുമ്പേ പ്രസവിച്ചു. ഇക്കാര്യങ്ങളൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്. എന്നാല്‍, ആദിവാസി വിഭാഗങ്ങള്‍ക്കായി കഴിഞ്ഞ സര്‍ക്കാര്‍ വകയിരുത്തിയതിനേക്കാള്‍ കൂടുതല്‍ പണം ഇടതുസര്‍ക്കാര്‍ ബജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ടെന്നും ഈ വിഭാഗത്തിന് ഒരു ദുരിതവും ഉണ്ടാവില്ലെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.

അവിടെ പട്ടിണിയില്ലെന്നു രാജേന്ദ്രന്‍ എംഎല്‍എ

ഇടമലക്കുടിയില്‍ പട്ടിണിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍. അവിടെ ആവശ്യത്തിന് അരി സ്റ്റോക്ക് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍നിന്നു ഫണ്ട് സ്വീകരിക്കാനായാണു ഇത്തരമൊരു നീക്കമെന്ന ആരോപണവും രാജേന്ദ്രന്‍ ഉന്നയിച്ചു.

എംഎല്‍എ പറയുന്നതു പച്ചക്കള്ളമെന്നു ബിജെപി

അടിമാലി: ഇടമലക്കുടിയില്‍ പട്ടിണിയില്ലെന്ന് എസ്.രാജേന്ദ്രന്‍ എംഎല്‍എ പറഞ്ഞതു ശരിയല്ലെന്നു ബിജെപി ദേവികുളം നിയോജക മണ്ഡലം കമ്മിറ്റി. ഞായറാഴ്ച തങ്ങള്‍ മൂന്നു കുടികള്‍ സന്ദര്‍ശിച്ചെന്നും അവിടുത്തെ ദയനീയ സ്ഥിതി നേരിട്ടുകണ്ടെന്നും ബിജെപി നിയോജക മണ്ഡലം കമ്മിറ്റി നിയോഗിച്ച സംഘം പറഞ്ഞു.

നിത്യോപയോഗ സാധനങ്ങളും അരിയും ലഭിക്കാതെ കുട്ടികള്‍ അടക്കമുള്ളവര്‍ ദുരിതപ്പെടുന്ന കാഴ്ചയ്ക്കു തങ്ങള്‍ സാക്ഷികളായെന്നും ഇവര്‍ പറഞ്ഞു. മഴ തുടങ്ങിയതോടെ ദേവികുളം ഗിരിജന്‍ സര്‍വീസ് സംഘത്തില്‍നിന്നുള്ള ഭക്ഷ്യസാധനങ്ങള്‍ എത്തുന്നില്ല.      28 കുടികളില്‍ പഞ്ചായത്തിന്റെ ആസ്ഥാനമായ സൊസൈറ്റിക്കുടി, ഇറ്റലിപ്പാറക്കുടി എന്നിവിടങ്ങളില്‍ അല്പം ഭക്ഷ്യസാധനങ്ങള്‍ കിട്ടുന്നുണ്ടെങ്കിലും മറ്റു കുടികളില്‍ ദയനീയസ്ഥിതിയാണ്.

വാര്‍ത്ത പുറത്തുവന്നതോടെ പല കേന്ദ്രങ്ങളില്‍നിന്നു ശേഖിച്ച 2,000 കിലോഗ്രാം അരിയുമായാണ് ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. തേന്‍പാറ, പാറയാര്‍, ആണ്ടവന്‍കുടി എന്നീ കോളനികളില്‍ മാത്രമേ ഇവ നല്‍കാന്‍ കഴിഞ്ഞുള്ളൂ.  വാഹന സൗകര്യമില്ലാത്തതിനാല്‍ 25 കിലോമീറ്റര്‍ തലച്ചുമടായിട്ടാണ് അരി എത്തിച്ചത്.  നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍. സുരേഷ്, ജില്ലാ സെക്രട്ടറി സോജന്‍ ജോസഫ്, നേതാക്കളായ ഗോവിനന്ദന്‍, പഞ്ചായത്ത് അംഗം കാശിരാമന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇടമലക്കുടി സന്ദര്‍ശിച്ചത്.

Related posts