പ്രബല്‍ ഭരതന്‍
കോഴിക്കോട്: കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ പുതിയ തന്ത്രവുമായി സിപിഎം. ഇതിന്റെ ആദ്യ പടിയായി കോഴിക്കോട് നടക്കുന്ന സിഐടിയു ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ ഫഌക്‌സ് ബോര്‍ഡുകള്‍ ഹിന്ദിയില്‍ എഴുതി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു കഴിഞ്ഞു. അടുത്ത മാസം നാല്, അഞ്ച് തിയതികളില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രചാരണത്തിനായാണ് ഹിന്ദിയില്‍ എഴുതിയ ബോര്‍ഡുകള്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചത്. അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തിന് ജനപങ്കാളിത്തം ഉറപ്പ് വരുത്താന്‍ കൂടിയാണ് പാര്‍ട്ടിയുടെ ഇത്തരം നീക്കമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ രഹസ്യമായി സമ്മതിക്കുന്നു.
ബിജെപി ദേശീയ കൗണ്‍സില്‍ നടക്കുന്ന കോഴിക്കോട്ട് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട ജനത്തിരക്ക് കണക്കിലെടുത്ത് സിഐടിയു ജില്ലാ സമ്മേളനത്തില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പിക്കാനുള്ള നീക്കം ഇതിനോടകം പാര്‍ട്ടി തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ ബിജെപി വലിയ മുന്നേറ്റം നടത്തുമ്പോള്‍ പാര്‍ട്ടിയുടെ പൊതുപരിപാടിയില്‍ ജനപങ്കാളിത്തം കുറഞ്ഞാല്‍ അത് സംസ്ഥാന ഭരണത്തിന് ഏല്‍ക്കാവുന്ന വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടും. ഇതിനാല്‍തന്നെ സിപിഎമ്മിന്റെയും പോഷക സംഘടനകളുടെ ഇനിയുള്ള പരിപാടികളില്‍ പരമാവധി ആളുകളെ പങ്കെടുപ്പിക്കാനാണ് കീഴ്ഘടകങ്ങള്‍ക്ക് കര്‍ശനം നിര്‍ദേശം ലഭിച്ചിട്ടുള്ളത്. കേരളത്തില്‍ പാര്‍ട്ടിയില്‍നിന്നുള്ള കൊഴിഞ്ഞുപോക്കും ബിജെപിയിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതും സിപിഎമ്മിന് അടുത്ത കാലത്ത് വലിയ തിരിച്ചടിയായിട്ടുണ്ട്.
കേന്ദ്ര ഭരണത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബിജെപി പ്രചാരണം നടത്തുമ്പോള്‍ മോദി സര്‍ക്കാര്‍ സാധാരണക്കാരുടെ പക്ഷത്തല്ലെന്ന വാദവുമായാണ് സിപിഎം പൊതുജന മധ്യത്തില്‍ പ്രവര്‍ത്തനം നടത്തുന്നത്. സിഐടിയു ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ ബോര്‍ഡുകളിലും ഇതേ വാദമാണ് ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇതിന്റെ ഭാഗമായാണ് കോഴിക്കോട്ടുള്ള അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ബിജെപി സര്‍ക്കാരിനെതിരെയുള്ള വികാരം വളര്‍ത്താന്‍ പ്രചാരണ ബോര്‍ഡുകള്‍ ഹിന്ദിയില്‍ സ്ഥാപിച്ചത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി എത്തുന്ന മാനാഞ്ചിറ, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരം, ബാങ്ക് റോഡ് ജംഗ്ഷന്‍ എന്നിവിടങ്ങളിലായി ഹിന്ദി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. “”മോദി സര്‍ക്കാര്‍ പൊതു ജനങ്ങളുടേതോ കോര്‍പറേറ്റുകളുടേതോ?” എന്ന ചോദ്യമാണ് എല്ലാ ബോര്‍ഡിലും ഉന്നയിക്കുന്നത്. “”തെരഞ്ഞെടുപ്പിന് മുമ്പ് മോദി നല്‍കിയ വാഗ്ദാനം പാലിച്ചോ?, ഇനിയുള്ള മൂന്നുവര്‍ഷം ഇവര്‍ വാക്ക് പാലിക്കുമെന്ന് ഉറപ്പുണ്ടോ?” തുടങ്ങിയ ചോദ്യങ്ങളാണ് ഹിന്ദിയിലുള്ള സിഐടിയു പ്രചാരണ ബോര്‍ഡില്‍ ചോദിക്കുന്നത്.
പെട്രോള്‍, ഡീസല്‍ വിലയുടെ പേരില്‍ മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന വാദവും സിഐടിയു ഉന്നയിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞിട്ടും രാജ്യത്ത് വില കുറഞ്ഞില്ലെന്നും പ്രചാരണ ബോര്‍ഡിലുണ്ട്. എന്നാല്‍ സമ്മേളനത്തിന്റെ സന്ദേശം എല്ലാവരിലേക്കും എത്തിക്കാന്‍ തന്നെയാണ് ഹിന്ദിയില്‍ ബോര്‍ഡ് സ്ഥാപിച്ചതെന്ന് സിഐടിയു ജില്ലാ സെക്രട്ടറി ടി. ദാസന്‍ “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കാനുള്ള നീക്കം സിഐടിയു നേരത്തെ തുടങ്ങിയിരുന്നതായും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇതിനോടകം കണ്‍വന്‍ഷനുകള്‍ സിഐടിയു നടത്തിയിട്ടുണ്ട്. ഇന്ത്യയിലെവിടെയുമുള്ള തൊഴിലാളികള്‍ക്ക് സിഐടിയുവില്‍ പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.