കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ ബിജെപിക്കുള്ളിലെ വിഭാഗീയതയ്ക്കെതിരേ ആര്എസ്എസ് രംഗത്ത്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില് പ്രഖ്യാപിച്ച വിജയം നേടാനാവാത്തതിനുപിന്നില് ചില നേതാക്കളുടെ സമീപനം പ്രധാന കാരണമായിട്ടുണ്ടെന്നും ഇത്തരം രീതി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില് തുടരാനാവില്ലെന്നും ആര്എസ്എസ് മുന്നറിയിപ്പ് നല്കി.
പാര്ട്ടിക്കുള്ളില് അച്ചടക്കം ലംഘിച്ച നേതാക്കളെ നേരിട്ടുവിളിച്ച് ആര്എസ്എസ് നേതൃത്വം താക്കീതും നല്കിയിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില് പ്രചാരണത്തിനിറങ്ങാതെ വിഭാഗീയതയുണ്ടെന്ന് വരുത്തിത്തീര്ത്ത നേതാക്കളില് ഒരാളെ നേരില് സന്ദര്ശിച്ചാണ് ആര്എസ്എസ് നേതൃത്വം അതൃപ്തി അറിയിച്ചത്. കൂടാതെ അടുത്തിടെ വിവാദ പ്രസ്താവന നടത്തിയ നേതാവിന് കാരണം കാണിക്കല് നോട്ടീസ് നല്കിയിരുന്നു.
നേതാക്കൾ വിട്ടുനിൽക്കരുത്
നിയമസഭാ തെരഞ്ഞെടുപ്പില് പാര്ട്ടി ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും പ്രചാരണത്തില്നിന്ന് നേതാക്കളാരും വിട്ടുനില്ക്കരുതെന്ന് കേന്ദ്രനേതൃത്വവും മുന്നറിയിപ്പ് നല്കി.
അതേസമയം ശോഭാസുരേന്ദ്രനുള്പ്പെടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്നിന്ന് വിട്ടുനിന്ന നേതാക്കളോട് അനുനയത്തിന് തയാറല്ലെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം തുടരുന്നത്.
പരസ്യപ്രതികരണം നടത്തി പാര്ട്ടിയെയും നേതൃത്വത്തേയും അപമാനിച്ചവരോട് നിയമസഭ തെരഞ്ഞെടുപ്പില് സഹകരിക്കണമെന്ന് ആവശ്യപ്പെടേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്.
പാര്ട്ടി ഭാരവാഹികളെന്ന നിലയില് തെരഞ്ഞെടുപ്പുരംഗത്ത് പ്രവര്ത്തിക്കേണ്ടത് ഓരോരുത്തരുടേയും ചുമതലയും ധര്മവുമാണ്. അതിന് വിരുദ്ധമായി നില്ക്കുന്നവര് പാര്ട്ടിക്ക് പുറത്തുപോകണമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.
കേന്ദ്രനേതൃത്വവും ആര്എസ്എസും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. പാര്ട്ടി നടപടി സാധ്യത മുന്നില് കണ്ട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എല്ലാ നേതാക്കളും ഇതോടെ എത്തുമെന്നുറപ്പായി.
സംസ്ഥാന നേതൃത്വത്തിനോട് ഇടഞ്ഞ് നിന്നാല് സ്ഥാനാര്ഥി പ്രഖ്യാപനത്തില് വരെ പ്രതിഫലിക്കാന് സാധ്യതയുണ്ടെന്നും നേതാക്കള് മുന്നില്കാണുന്നുണ്ട്. ഈ സാഹചര്യത്തില് സംസ്ഥാന നേതൃത്വവുമായുള്ള തര്ക്കം തുടരേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം.
ശോഭ സുരേന്ദ്രൻ ചർച്ച നടത്തും
തെരഞ്ഞെടുപ്പിന് മുന്നോടിയായി ശോഭ സുരേന്ദ്രന് കേന്ദ്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യക്കലാപക്കൊടി ഉയര്ത്തിയ ശോഭ സുരേന്ദ്രന് അതിവേഗമാണ് സംസ്ഥാന ബിജെപിയില് പുതിയ ഗ്രൂപ്പുണ്ടാക്കിയത്.
കെ. സുരേന്ദ്രന് പ്രസിഡന്റായ ശേഷം പരിഗണന കിട്ടാതെ പോയ പി.എം. വേലായുധന്. കെ.പി. ശ്രീശന്, ജെ.ആര്. പത്മകുമാര് അടക്കമുള്ളവരെ ഒപ്പം ചേര്ക്കാന് ശോഭയ്ക്കായിരുന്നു.
ഇവരെയെല്ലാം ഉള്പ്പെടുത്തി സംസ്ഥാന നേതൃത്വത്തിനെതിരേ പരാതി നല്കിയെങ്കിലും ഇതുവരേയും കേന്ദ്രനേതൃത്വം പരിഗണിച്ചിട്ടില്ല.