ഇതുവരെ പൂര്‍ത്തിയാക്കിയ നടപടികള്‍ എന്തൊക്കെ? സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വിലയിരുത്തും

voteതിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നു വിലയിരുത്തും. ഇതിനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ.നസീം സെയ്ദി, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഓംപ്രകാശ് റാവത്ത്, എ.കെ. ജ്യോതി എന്നിവര്‍ക്കു പുറമേ, ഇലക്ഷന്‍ ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെ ആറംഗ സംഘം തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.

അവലോകന യോഗത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പാകെ, സംസ്ഥാനത്ത് ഇതുവരെ പൂര്‍ത്തിയാക്കിയ നടപടികള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇ.കെ. മാജി വിശദീകരിക്കും. രാവിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറും സംഘവും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷം ഓരോ ജില്ലകളിലേയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും, സുരക്ഷാ സംവിധാനങ്ങളും സംബന്ധിച്ചു ജില്ലാകളക്ടര്‍മാരുമായും ജില്ലാ പോലീസ് മേധാവികളുമായും ചര്‍ച്ച നടത്തും.

ഉച്ചകഴിഞ്ഞു മൂന്നിനു സംസ്ഥാനത്തെ ആകെ പ്രവര്‍ത്തനങ്ങളും സ്വീകരിക്കേണ്ട തുടര്‍നടപടികളും ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരുമായി സംഘം ചര്‍ച്ച ചെയ്യും. കമ്മീഷണറും സംഘവും ബുധനാഴ്ച വരെ സംസ്ഥാനത്തുണ്ടാകും.

Related posts