ബാബു ചെറിയാന്‍
കോഴിക്കോട്: തട്ടിപ്പ് തുടരാന്‍ ഫേസ്ബുക്കില്‍ പേര്മാറ്റി ഓണ്‍ലൈന്‍ സൈറ്റുകള്‍ വീണ്ടും സജീവം. ബുക്ക്‌മൈ കോംബോ(Bookmy Co-mbo) എന്ന തട്ടിപ്പ് കമ്പനിയെക്കുറിച്ച് ജൂലൈ 13നു രാഷ്ട്രദീപിക പ്രസിദ്ധീകരിച്ച വാര്‍ത്ത ഫേസ്ബുക്കില്‍ നിരവധി പേര്‍ ഷെയര്‍ചെയ്യുകയും കമ്പനിക്കെതിരേ പരാതികള്‍ വര്‍ധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പേര് മാറ്റി ഇവര്‍ രംഗത്തിറങ്ങി.
ഫ്രീ കാ മാല്‍ -(Free Ka Maal) എന്നാണ് പുതിയ തട്ടിപ്പ് സൈറ്റിന്റെ പേര്. തട്ടിപ്പിന് ഇരയായവരുടെ പരാതികള്‍ ബുക്ക്‌മൈ കോമ്പോയുടെ കമന്റ് കോളത്തില്‍ പ്രവഹിക്കാന്‍ തുടങ്ങിയതോടെയാണ് മറ്റൊരു സൈറ്റ് നിര്‍മിച്ചു വീണ്ടും തട്ടിപ്പിനിറങ്ങിയത്. ആദിത്യ ബിര്‍ള കമ്പനിയുടെ ബ്രാന്റഡ് ഉത്പന്നമായ ‘ലിനന്‍ ക്ലബിന്റെ’ അഞ്ച് മേല്‍ത്തരം ലിനന്‍ ഷര്‍ട്ടുകള്‍ കേവലം 849 രൂപയ്ക്ക് നല്‍കുമെന്ന, ബുക്ക്‌മൈ കോംബോയിലെ പരസ്യം അതേപടി ‘ഫ്രീ കാ മാല്‍’ പരസ്യത്തില്‍ പ്രസിദ്ധപ്പെടുത്തിയാണ് ഇവര്‍ തട്ടിപ്പുമായി മുന്നോട്ടു പോകുന്നത്. ഫ്രീ കാ മാള്‍ സൈറ്റില്‍ ഓര്‍ഡര്‍ കൊടുക്കാനുള്ള ഷോപ്’ എന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ ‘ബുക്ക്‌മൈ കോംബോയുടെ പഴയ സൈറ്റിലാണു പ്രവേശിക്കുക.
നാലായിരം രൂപ വിലയുള്ള അഞ്ച് ലിനന്‍ ക്ലബ് ഷര്‍ട്ടുകള്‍ 849 രൂപയ്ക്ക് ലഭിക്കുമെന്നാണ് പരസ്യം. വസ്ത്രങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, പാദരക്ഷകള്‍, അടുക്കള ഉപകരണങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങി ഏതാണ്ടെല്ലാ ഉത്പന്നങ്ങളും ഇതേ വിധത്തില്‍ 80 ശതമാനം വിലക്കുറവില്‍ ലഭിക്കുമെന്നു പരസ്യത്തിലുണ്ട്. ലിനന്‍ ക്ലബ്് ഷര്‍ട്ടിനായി കാഷ് ഓണ്‍ ഡെലിവറി (COD) പണമടച്ച് വഞ്ചിതനായ കോഴിക്കോട് സ്വദേശി നല്‍കിയ പരാതിയില്‍ കോഴിക്കോട് സിറ്റി പോലീസ് അന്വേഷണം നടത്തുന്നതായ രാഷ്ട്രദീപിക വാര്‍ത്തയെ അനുകൂലിച്ച്, തട്ടിപ്പിനിരയായ നിരവധി പേര്‍ ഫേസ്ബുക്കില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തതോടെയാണ് സൈറ്റിന്റെ പേര് മാറ്റിയിരിക്കുന്നത്.
മാന്യമായ ഇടപാട് നടത്തുന്ന ഫഌപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ വിവിധ കമ്പനികള്‍ക്കു പുറമെ, വീട്ടമ്മമാരടക്കം നിരവധി പേര്‍ ഫേസ്ബുക്കില്‍ പരസ്യം നല്‍കി തട്ടിപ്പ്‌രഹിത ബിസിനസ് നടത്തിവരുന്നുണ്ട്. എന്നാല്‍, വമ്പിച്ച വിലക്കുറവില്‍ ഓഫറുമായി രംഗത്തുള്ള വാക്കി(Whaaky), മിസ്റ്റര്‍ വൂനിക്ക്( Mr.Voonik), ഇന്ത്യാ റഷ് ( India Rush), ഷോപ്പ് അഡീഡാസ്(Shop adidas), ഹ്യൂ ട്രാപ് (Hue trap), ട്രെന്‍ഡി ഭാരത് (Trendy Bharat), നൂടീസ് ( Nuteez), ദി ജി സ്ട്രീറ്റ് (The G Street), ബ്ലൂടൂത്ത് ഫിറ്റ്‌നസ് വാച്ച് (Blutooth Fitness Watch), വിഷ് എന്‍ ബൈ (Wish n buy), ജിസ് പിയോസ് (Jis Piyos), ബ്ലാക്ക്‌ബെറി മെന്‍സ് വെയര്‍ (Blackberry Mens wear) തുടങ്ങി നിരവധി സൈറ്റുകള്‍ തട്ടിപ്പുമായി രംഗത്തുണ്ടെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഫേസ്ബുക്കിന്റെ നടത്തിപ്പുകാര്‍ അറിയാതെ, വന്‍തോതില്‍ തട്ടിപ്പു കമ്പനികള്‍ ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രമുഖ സൈബര്‍ കുറ്റകൃത്യ വിദഗ്ധ ധന്യ മേനോന്‍ രാഷ്ട്രദീപികയോടു പറഞ്ഞു. 25,000 രൂപയുടെ ഉത്പന്നം നാലായിരത്തിനോ അയ്യായിരത്തിനോ ലഭിക്കുമെന്ന പരസ്യം കണ്ട് ചതിയില്‍പ്പെടാതിരിക്കാന്‍ സാമാന്യ ബുദ്ധിയുള്ളവര്‍ക്കു സാധിക്കും.
ഇടനിലക്കാരെ ഒഴിവാക്കി, 25000 രൂപയുടെ ഉത്പന്നം ചിലപ്പോള്‍ 21,000 രൂപയ്ക്ക് ലഭിച്ചേക്കാം. എങ്കില്‍തന്നെ, സെറ്റുകളിലെ ‘കമന്റ്’ കോളം തുറന്ന് വായിച്ചാല്‍ തട്ടിപ്പ് ഒഴിവാക്കാനാവും. ബന്ധപ്പെട്ട സൈറ്റിനെക്കുറിച്ചുള്ള പരാതികള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കും. കമ്പനിയുടെ പേരിനൊപ്പം ‘ കംപ്ലൈന്റ്‌സ്’ എന്നു കൂടി ചേര്‍ത്ത് സര്‍ച്ച് ചെയ്താല്‍ വിശദാംശങ്ങള്‍ ലഭിക്കുമെന്നു ധന്യ മേനോന്‍ വ്യക്തമാക്കി.