നെടുമ്പാശേരി: ഇന്ത്യയില്‍ വിമാനസര്‍വീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ നടപടി ആരംഭിച്ചു. ഇതിനായി സിവില്‍ ഏവിയേഷന്‍ ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്തും. വിദേശനിക്ഷേപം കൂട്ടുകയാണു പ്രധാന പ്രതിവിധിയായി നിര്‍ദേശിച്ചിട്ടുള്ളത്. ഇതോടൊപ്പം സാര്‍ക്ക് രാജ്യങ്ങളുമായി ഓപ്പണ്‍ സ്‌കൈ കരാറുകളില്‍ ഏര്‍പ്പെടാനും ഉദ്ദേശിക്കുന്നു. ഇന്ത്യയില്‍ നിലവില്‍ ഒരു വിമാനത്തിന്റെ 35 ശതമാനം കാര്യക്ഷമത മാത്രമാണ് ഉപയോഗിക്കുന്നത്. പ്രതിവര്‍ഷം മറ്റു രാജ്യങ്ങളില്‍ ഒരു വിമാനം 800 മുതല്‍ 900 വരെ മണിക്കൂര്‍ പറക്കുന്നതായിട്ടാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, ഇന്ത്യയില്‍ ഇതു കേവലം 400 മണിക്കൂര്‍ മാത്രമാണ്. മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ 20 മുതല്‍ 24 ശതമാനം വരെയാണ് ഏവിയേഷന്‍ മേഖലയില്‍ പ്രയോജനപ്പെടുത്തുന്നത്.
ഈ നില മെച്ചപ്പെടുത്താന്‍ ശക്തമായ നയ പരിപാടികള്‍ ഉണ്ടാകണമെന്നാണു വിവിധ തലങ്ങളില്‍നിന്നു ബന്ധപ്പെട്ട മന്ത്രാലയത്തിനു ലഭിച്ചിട്ടുള്ള റിപ്പോര്‍ട്ട്. പ്രധാന പ്രതിവിധിയായി നിര്‍ദേശിച്ചിട്ടുള്ളതു വിദേശ നിക്ഷേപമാണ്. വിമാന കമ്പനികളിലും ഗ്രൗണ്ട് ഹാന്‍ഡിലിംഗ് മേഖലയിലും 100 ശതമാനംവരെ വിദേശനിക്ഷേപം അനുവദിക്കണമെന്നാണ് നിര്‍ദേശം. ഏഷ്യന്‍ പസഫിക് ഏവിയേഷന്‍- സൗത്ത് ഏഷ്യ സിഇഒ കപില്‍ കൗള്‍ ഇതുസംബന്ധിച്ചു ശക്തമായ റിപ്പോര്‍ട്ടാണു സമര്‍പ്പിച്ചിട്ടുള്ളത്. ഏവിയേഷന്‍ മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചാല്‍ ഇന്ത്യയില്‍ വിമാന സര്‍വീസുകള്‍ പതിന്മടങ്ങ് വര്‍ധിക്കും. ലാഭത്തിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും.
വിദേശ സര്‍വീസ് ആരംഭിക്കാന്‍ കുറഞ്ഞത് 20 വിമാനങ്ങളും അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയവും വേണമെന്ന നിബന്ധന നീക്കം ചെയ്യാത്ത സാഹചര്യത്തില്‍ പുതിയ പ്രതിവിധി ഏവിയേഷന്‍ മന്ത്രാലയം പരിഗണിക്കുന്നുണ്ട്. സാര്‍ക്ക് രാജ്യങ്ങളില്‍ ഈ നിബന്ധന കൂടാതെ സര്‍വീസ് അനുവദിക്കാനാണ് ആലോചന. ഡല്‍ഹി കേന്ദ്രമായി ഇതിന് അനുമതി നല്‍കിയാല്‍ പ്രശ്‌നമുണ്ടാകില്ലെന്നാണ് അനുമാനം. ഡല്‍ഹിയില്‍നിന്നു 5,000 കിലോമീറ്റര്‍ ചുറ്റളവിലുള്ള രാജ്യങ്ങളിലേക്ക് നിലവിലുള്ള ആഭ്യന്തര സര്‍വീസിന്റെ നിബന്ധനകള്‍ക്കു വിധേയമായി വിമാന സര്‍വീസ് നടത്തുകയാണു ലക്ഷ്യം.
ഇതുസംബന്ധിച്ചു കൂടിയാലോചനകള്‍ തുടങ്ങിക്കഴിഞ്ഞു. എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാരുടെ നിലപാട് ഇതില്‍ നിര്‍ണായകമാണ്. അവരുടെ പ്രതിനിധികളുമായി ചര്‍ച്ച നടന്നിട്ടില്ല. 5/20 നിബന്ധന ഭേദഗതി ചെയ്യാത്തപക്ഷം കേരളത്തിന്റെ സ്വന്തം വിമാന കമ്പനിയായ എയര്‍ കേരളയ്ക്ക് സര്‍വീസ് ആരംഭിക്കാന്‍ കഴിയുകയില്ല.