ഇന്ത്യയെ ഏഴു വിക്കറ്റിന് തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ് ഫൈനലില്‍

sp-westindiമുംബൈ: ഗെയ്‌ലിനെ തുടക്കത്തിലേ പുറത്താക്കുകയെന്ന പ്ലാന്‍ എ ഇന്ത്യ നടപ്പിലാക്കി. പക്ഷേ, ഗെയ്‌ലെന്ന അതികായനില്ലാത്ത പ്ലാന്‍ ബി വെസ്റ്റ് ഇന്‍ഡീസിനുണ്ടായിരുന്നു. റണ്‍മഴയ്‌ക്കൊടുവില്‍ വാങ്കഡെയിലെ അവസാനച്ചിരി വിരിഞ്ഞത് കരീബിയന്‍ ദ്വീപുകാരുടെ മുഖത്ത്. ഇന്ത്യയെ ഏഴു വിക്കറ്റിനു തകര്‍ത്തെറിഞ്ഞ് വിന്‍ഡീസ് രണ്ടാം ട്വന്റി-20 ലോകകപ്പ് ഫൈനലിന്. 14,000 കിലോമീറ്ററിനപ്പുറത്തുനിന്ന് 24 മണിക്കൂര്‍ മുമ്പ് മുംബൈയില്‍ വിമാനമിറങ്ങിയ ലെന്‍ഡല്‍ സിമ്മണ്‍സാണ് വിന്‍ഡീസുകാരെ മുന്നില്‍ നിന്നു നയിച്ചത്. മൂന്നു തവണ ജീവന്‍ ലഭിച്ച സിമ്മണ്‍സിന്റെ ബാറ്റില്‍നിന്നു പിറന്നത് 82 റണ്‍സ്.

അവസാന ഓവറില്‍ വെടിക്കെട്ടുമായി അരങ്ങു തകര്‍ത്ത ആന്ദ്രേ റസലും (20 പന്തില്‍ പുറത്താകാതെ 43) ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സുമാണ് (36 പന്തില്‍ 52) മറ്റു വിജയത്തിന് അടിത്തറ പാകിയ മാറ്റുള്ളവര്‍. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ രണ്ടിന് 192, വെസ്റ്റ് ഇന്‍ഡീസ് 19.4 ഓവറില്‍ മൂന്നിന് 196.

വിന്‍ഡീസിനെ വിജയത്തിലേക്കു നയിച്ച രണ്ടു പേര്‍, സിമ്മണ്‍സും ചാള്‍സും പകരക്കാരായി ടീമിലെത്തിയവരാണെന്നതാണ് ഏറെ കൗതുകം. ഡാരെന്‍ ബ്രാവോ ടീമില്‍നിന്നു വിട്ടുനിന്നപ്പോള്‍ പകരമെത്തിയ ചാള്‍സാണ് കൈവിട്ട കളിയില്‍ വിന്‍ഡീസ് തിരിച്ചുവരവിന് ആദ്യ അവസരം നല്കിയത്. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഗെയ്‌ലിന്റെ കുറ്റി ബുംറ തെറിപ്പിച്ചപ്പോള്‍ ജയിച്ച പോലെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷ. മൂന്നാം ഓവറില്‍ മര്‍ലോണ്‍ സാമുവല്‍സ് കൂടി പുറത്തായതോടെ ആലസ്യത്തിലേക്ക് വീഴുന്ന താരങ്ങളെയാണ് കണ്ടത്. ആനുകൂല്യം മുതലാക്കി വിന്‍ഡീസ് തിരിച്ചടിച്ചു.

അവസാന 10 ഓവറില്‍ സിമ്മണ്‍സിന്റെ വെടിക്കെട്ടായിരുന്നു. അതും ഭാഗ്യത്തിന്റെ അകമ്പടിയില്‍. രണ്ടു തവണ പുറത്തായെങ്കിലും റീപ്ലേയില്‍ നോബോളാണെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് സിമ്മണ്‍സിനെ തിരിച്ചുവിളിച്ചു. ആദ്യ തവണ അശ്വിനും രണ്ടാമത്തേതില്‍ ഹര്‍ദിക് പാണ്ഡ്യയുമായിരുന്നു പന്തേറുകാര്‍. 18-ാം ഓവറില്‍ ബുംറയുടെ പന്തില്‍ രഹാനെ ക്യാച്ചെടുത്തെങ്കിലും ബൗണ്ടറിലൈനില്‍ കാലു മുട്ടിയതിനാല്‍ വീണ്ടും ജീവന്‍.

കളി അവസാന 10 ഓവറിലേക്കെത്തുമ്പോള്‍ വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 109 റണ്‍സ്. മുംബൈ ഇന്ത്യന്‍സിനായി നിരവധി തവണ വാങ്കഡെയില്‍ കളിച്ചിട്ടുള്ള സിമ്മണ്‍സും റസലും ചേര്‍ന്ന് പിന്നീട് 120 കോടിയിലധികം വരുന്ന ഇന്ത്യന്‍ ഹൃദയങ്ങളെ കീറിമുറിക്കുന്നതാണ് കണ്ടത്.

നേരത്തേ, ടോസ് നഷ്ടപ്പെട്ട് ഇന്ത്യക്കു ബാറ്റിംഗിനിറങ്ങേണ്ടിവന്നു. ധവാനു പകരം അജിങ്ക്യ രഹാനെ ഇന്നിംഗ്‌സ് തുറന്നതിന്റെ ഫലം ഇന്ത്യക്കു ലഭിച്ചു. ആദ്യ അഞ്ച് ഓവറില്‍ 35 റണ്‍സ് മാത്രമാണ് പിറന്നത്. എന്നാല്‍ ആറാം ഓവറില്‍ ആന്ദ്രേ റസല്‍ കൈയയച്ചു സഹായിച്ചു. രണ്ടു പടുകൂറ്റന്‍ സിക്‌സറടക്കം 20 റണ്‍സാണ് ഓവറില്‍ രോഹിത് അടിച്ചെടുത്തത്. ഇന്ത്യന്‍ ഇന്നിംഗ്‌സിന് ശരവേഗം നല്കിയതും ഈ പവര്‍പ്ലേ അവസാനിച്ച ഈ ഓവര്‍തന്നെ. രോഹിതിന്റെ ഇന്നിംഗ്‌സിന് പക്ഷേ നീളം കുറവായിരുന്നു. സാമുവല്‍ ബദ്രിയുടെ ടോപ് സ്പിന്നില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുമ്പോള്‍ 31 പന്തില്‍ 43 റണ്‍സായിരുന്നു ഓപ്പണറുടെ സമ്പാദ്യം.

ഭാഗ്യവും കോഹ്‌ലിയും കൂട്ടുകാരണെന്നു തെളിയിക്കുന്നതായിരുന്നു എട്ടാം ഓവറിലെ സംഭവവികാസങ്ങള്‍. തുടര്‍ച്ചയായി രണ്ടു പന്തുകളില്‍ റണ്ണൗട്ടില്‍നിന്നു രക്ഷപ്പെടുമ്പോള്‍ ഒരു റണ്‍സ് മാത്രമായിരുന്നു സൂപ്പര്‍ താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. പത്ത് ഓവര്‍ പിന്നിടുമ്പോള്‍ സ്‌കോര്‍ ഒന്നിന് 86. ഓപ്പണര്‍മാര്‍ പണിത അടിത്തറയില്‍ ആടിത്തിമിര്‍ക്കുന്ന കോഹ്‌ലിയെയാണ് പിന്നീട് കണ്ടത്. അവസാന പത്തോവറില്‍ കരീബിയക്കാര്‍ കളത്തിലേ ഇല്ലായിരുന്നു. 15-ാം ഓവറില്‍ രഹാനെയുടെ വിക്കറ്റെടുത്തതില്‍ മാത്രമൊതുങ്ങി സന്തോഷത്തിനുള്ള അവസരം. ഫോമിലല്ലാത്ത സുരേഷ് റെയ്‌നയ്ക്കു മുമ്പേ ക്രീസിലെത്തി ക്യാപ്റ്റന്‍ കൂള്‍ ഒരിക്കല്‍ക്കൂടി കോഹ്‌ലിക്കു നല്ല കൂട്ടുകാരനായി. 16 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ രണ്ടിന് 133 റണ്‍സായിരുന്നു.

ധോണി കൂടെ ചേര്‍ന്നതോടെ വിക്കറ്റിനിടയിലെ ഓട്ടവും ഗംഭീരമായി. ഇതിനിടെ 33 പന്തില്‍ കോഹ്‌ലി അരസെഞ്ചുറി തികച്ചു. സ്‌ട്രൈക്ക് കൈമാറി ധോണി കൂട്ടുകാരനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അവസാന രണേ്ടാവറില്‍ 31 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് മികച്ച സ്‌കോറില്‍ ഇന്ത്യ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ഒന്‍പത് പന്തില്‍ 15 റണ്‍സാണ് ധോണി നേടിയത്. വിന്‍ഡീസ് ബൗളര്‍മാരില്‍ സാമുവല്‍ ബദ്രി ഒഴികെയുള്ളവരെല്ലാം ആവശ്യത്തിനു അടികൊണ്ടു. നാല് ഓവറില്‍ 47 റണ്‍സ് വിട്ടുകൊടുത്ത റസലായിരുന്നു ഇക്കൂട്ടരില്‍ മുമ്പന്‍.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ ബാറ്റിംഗ്

രോഹിത് എല്‍ബിഡബ്ലു ബി ബദ്രി 43, രഹാനെ സി ബ്രാവോ ബി റസല്‍ 40, കോഹ് ലി നോട്ടൗട്ട് 89,ധോണി നോട്ടൗട്ട്് 15

എക്‌സ്ട്രാസ് 5

ആകെ 20 ഓവറില്‍ രണ്ടു വിക്കറ്റിന് 192

ബൗളിംഗ്

റസല്‍ 4-0-47-1, ബദ്രി 4-0-26-1, ബ്രാത് വെയ്റ്റ് 4-0-38-0, ബെന്‍ 4-0-36-0, ബ്രാവോ 4-0-44-0

വിന്‍ഡീസ് ബാറ്റിംഗ്

ജോണ്‍സണ്‍ ചാള്‍സ് സി ശര്‍മ ബി കോഹ്‌ലി 52,ക്രിസ് ഗെയ്ല്‍ ബി ബുംറ 5,സാമുവല്‍സ് സി രഹാനെ ബി നെഹ്‌റ 8,സിമ്മണ്‍സ് നോട്ടൗട്ട്് 82,റസല്‍ നോട്ടൗട്ട് 43

എക്‌സ്ട്രാസ് 6

ആകെ 19.4 ഓവറില്‍ 3 വിക്കറ്റിന് 196

ബൗളിംഗ്

നെഹ്‌റ 4-0-24-1, ബുംറ 4-0-42-1, ജഡേജ 4-0-48-0, അശ്വിന്‍ 2-0-20-0, പാണ്ഡ്യ 4-0-43-0, കോഹ്‌ലി 1.4-0-15-1.

Related posts