ഇന്റലിജന്‍സ് വെളിപ്പെടുത്തല്‍! മൊസൂളില്‍ സാധാരണക്കാരെ ഐഎസ് മനുഷ്യമറയാക്കുന്നു; ഇതുവരെ കൊന്നത് 284 പേരെ; കൊല്ലപ്പെട്ടത് പുരുഷന്‍മാരും ആണ്‍കുട്ടികളും മാത്രം

isമൊസൂള്‍: മൊസൂളില്‍ ഐഎസ് 284 പേരെ വധിച്ചെന്ന് റിപ്പോര്‍ട്ട്. ഇറാക്കി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി സിഎന്‍എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊന്നവരെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചുമൂടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായാണ് ഇവരെ ഐഎസ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ പുരുഷന്‍മാരും ആണ്‍കുട്ടികളും മാത്രമേ ഉള്ളൂവെന്നാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്.

മൊസൂളിനു സമീപപ്രദേശങ്ങളിലുള്ള 550 കുടുംബങ്ങളെ തട്ടിക്കൊണ്ടുപോയി ഐഎസ് മനുഷ്യമറ ഒരുക്കിയതായി യുഎന്‍ മനുഷ്യാവകാശ സംഘടന പറഞ്ഞതിന്റെ പിന്നാലെയാണ് ഇന്റലിജന്‍സ് വെളിപ്പെടുത്തല്‍. എന്നാല്‍ കൊല്ലപ്പെട്ടത് ഇവരാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തെക്കുറിച്ച് ഐഎസിന്റെ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
ഇറാക്കി സൈന്യത്തിന്റെ മുന്നേറ്റം തടയുന്നതിനു സാധാരണക്കാരെ മനുഷ്യപ്പരിചയായി ഉപയോഗിക്കുന്നത് വന്‍ ആള്‍നാശത്തിനിടയാക്കുമെന്നു യുഎന്‍ മനുഷ്യാവകാശ കമ്മീഷണര്‍ സയീദ് റ ആദ്  അല്‍ ഹുസൈന്‍ കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു.

യുഎസ് പിന്തുണയോടെ ഇറാക്കി സൈന്യവും കുര്‍ദുകളും ഐഎസ് കേന്ദ്രങ്ങളില്‍ ശക്തമായ കടന്നുകയറ്റമാണ് നടത്തുന്നത്. ഐഎസിനു സ്വാധീനമുള്ള മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള സൈന്യത്തിന്റെ നീക്കത്തിനു വിലങ്ങുതടിയാകുകയാണ് ഈ മനുഷ്യമറ.  സമാലിയയില്‍നിന്ന് 200 കുടുംബങ്ങളെയും നജാഫിയ ഗ്രാമത്തില്‍നിന്ന് 350 കുടുംബങ്ങളെയും മൊസൂളില്‍ ഐഎസ് എത്തിച്ചെന്നു പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനിടെ മൊസൂള്‍ പ്രാന്തത്തിലുള്ള ക്രിസ്ത്യന്‍ പട്ടണമായ ബാര്‍ട്ടെല്ല പിടിച്ച ഇറാക്കിസൈന്യം അവിടത്തെ പള്ളിയില്‍ ഇറാക്കിന്റെ പതാക ഉയര്‍ത്തി. ബാര്‍ട്ടെല്ലയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഐഎസ് ഏറെ നാശനഷ്ടം വരുത്തിയിരുന്നു. ബാര്‍ട്ടെല്ലയിലെ ക്രിസ്ത്യന്‍ വീടുകള്‍ ഐഎസ് പ്രത്യേകം അടയാളപ്പെടുത്തിയിരുന്നതായും കാണപ്പെട്ടു. ഐഎസ് നിയന്ത്രിത മേഖലയില്‍ ക്രൈസ്തവരില്‍നിന്നു പ്രത്യേക നികുതി ഈടാക്കിയിരുന്നു.

പള്ളി ശുചിയാക്കിയ ഇറാക്കിസൈനികര്‍ ദേവാലയത്തിലെ മണി മുഴക്കുകയും ക്രൈസ്തവരെ അഭിനന്ദിക്കുകയും ചെയ്‌തെന്ന് ലഫ്റ്റന്റ് ജനറല്‍ താലിബ് ഷഗാസ്തി പറഞ്ഞു. അതേസമയം ഇറാക്ക് സൈന്യം ആക്രമണം ശക്തമാക്കിയതിനെത്തുടര്‍ന്നു മൊസൂള്‍ നഗരത്തില്‍നിന്നു 100ല്‍ അധികം ഐഎസ് കമാന്‍ഡര്‍മാര്‍ പലായനം ചെയ്തതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related posts