ചേര്ത്തല: നഗരസഭയില് അതിദരിദ്രര്ക്കുള്ള ഭക്ഷ്യകൂപ്പണില് തിരിമറി നടത്തിയതായ പരാതിയില് പോലീസ് അന്വേഷണം ഊര്ജിതമായി. നഗരസഭ 25-ാം വാര്ഡ് കൗണ്സിലര് എം.എ. സാജുവിനെതിരേയാണ് പരാതി ഉയര്ന്നത്.
വിഷയത്തില് അന്വേഷണം തുടങ്ങിയ പോലീസ് തിങ്കളാഴ്ച നഗരസഭയിലെത്തി ദാരിദ്ര്യലഘൂകരണ വിഭാഗത്തില്നിന്നു ഭക്ഷ്യകൂപ്പണ് വിതരണം ചെയ്ത രേഖകള് പരിശോധിച്ചു.
സെക്രട്ടറി അടക്കം ചുമതലയുള്ള ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരനായ ഗുണഭോക്താവിന്റെയും ഭക്ഷ്യകൂപ്പണ് കിട്ടാതിരുന്ന മറ്റൊരു ഗുണഭോക്താവിന്റെയും മൊഴി പോലീസ് എടുത്തിട്ടുണ്ട്.
ഗുണഭോക്താവ് നഗരസഭാ സെക്രട്ടറിക്കു നല്കിയ പരാതി പോലീസിനു കൈമാറിയിരുന്നു. പൊതുമുതല് അപഹരണമെന്ന വിഭാഗത്തിലാണു വരുന്നതെന്നതിനാല് പ്രാഥമിക പരിശോധനകള് നടത്തിയതിനു ശേഷം മാത്രമേ എഫ്ഐആര് ഇട്ടു കേസെടുക്കുകയുള്ളൂവെന്നാണ് വിവരം.
ഇതിനു മുന്നോടിയായി ആരോപണവിധേയനായ കൗണ്സിലറുടെ മൊഴിയും രേഖപ്പെടുത്തും. അതിദാരിദ്ര്യപട്ടികയിലുള്ളവര്ക്ക് എല്ലാമാസവും 500 രൂപയുടെ ഭക്ഷ്യകൂപ്പണ് ആണ് നഗരസഭ നല്കുന്നത്.
അവശരായതിനാല് ഭൂരിഭാഗം ഗുണഭോക്താക്കള്ക്കും കൗണ്സിലര്മാര് വഴിയാണ് കൂപ്പണ് എത്തിക്കുന്നത്. 25-ാം വാര്ഡിലെ ഗുണഭോക്താക്കള്ക്ക് കൂപ്പണോ ഭക്ഷ്യക്കിറ്റോ ലഭിക്കാത്തതാണ് പരാതിക്കിടയാക്കിയത്.

