തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ നല്‍കില്ലെന്ന പ്രചാരണം തെറ്റിദ്ധാരണ മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത് വ്യക്തതക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
മന്ത്രിസഭാ തീരുമാനങ്ങള്‍ രഹസ്യരേഖയല്ല. മന്ത്രിസഭാ തീരുമാനങ്ങളുടെ ഉത്തരവിറങ്ങിയ ശേഷം മാത്രമെ പ്രസിദ്ധീകരിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ നല്‍കാത്തത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിപക്ഷത്ത് നിന്നും വി.ഡി.സതീശനാണ് വിഷയം സഭയില്‍ അവതരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ മറുപടിയില്‍ സതീശന്‍ അതൃപ്തി രേഖപ്പെടുത്തി. ഭരണാധികാരിയുടെ വേഷമിട്ടപ്പോള്‍ പിണറായി വിജയന്‍ മലക്കം മറിയുന്നുവെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളെ പോലും അറിയിക്കാതെ സര്‍ക്കാര്‍ മറച്ച് വയ്ക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ മറുപടിയില്‍ സംശയങ്ങള്‍ കൂടുകയാണെന്നും സതീശന്‍ സഭയില്‍ പറഞ്ഞു.