ഇരുവഞ്ഞിപ്പുഴയെ മലിനമാക്കി സ്വകാര്യ കമ്പനിയുടെ വൈദ്യുതി ഉത്പാദനം

kkd-eruvazhinjiതിരുവമ്പാടി: പ്രകൃതിയുടെ വരദാനമായ ഇരുവഞ്ഞിപ്പുഴയെ മലിനമാക്കി വൈദ്യൂതി ഉത്പാദനത്തിന്റെ മറവില്‍ സ്വകാര്യ കമ്പനി പുഴയുടെ തീരം ഇടിച്ചു നിരത്തുന്നു.കോടഞ്ചേരി പഞ്ചായത്തിന്റെ അതിര്‍ത്തിയായ ഇരുവഞ്ഞിപ്പുഴയിലെ അരിപ്പാറ വെള്ളച്ചാട്ടത്തിന്റെ മുകള്‍ഭാഗമാണ് സ്വകാര്യ ആവശ്യത്തിന് വൈദ്യൂതി ഉത്പാദിക്കാനായി ഇടിച്ചു നിരത്തുന്നത്. പ്രകൃതിമനോഹരമായ സ്ഥലം ഇടിച്ചു നിരത്തി മരവും മണ്ണും കല്ലും ഇരുവഞ്ഞിപ്പുഴയിലേക്ക് തള്ളുന്നു.

48 കോടി രൂപ ചെലവില്‍ നെല്ലിപൊയില്‍ ടൗണിന്റെ പിന്നിലായി വൈദ്യൂതി ഉത്പാദനകേന്ദ്രം നിര്‍മിക്കാന്‍ സിയാല്‍ കമ്പനി സ്വകാര്യ വ്യക്തികളുടെ സ്ഥലം വില കൊടുത്ത് തരപ്പെടുത്തിയിരുന്നു. പവര്‍ഹൗസിനും പൈപ്പ് ലൈന്‍ കൊണ്ടു പോകാനുമായി സ്ഥലത്ത് മണ്ണ് എടുക്കുമ്പോള്‍ അത് പുറത്തേക്ക് തള്ളാന്‍ പാടില്ലെന്നാണ് ചട്ടം.എന്നാല്‍ ഇവിടെ കെട്ടിട നിര്‍മ്മാണത്തിനും പൈപ്പിടീലിനുമായി ജെസിബി ഉപയോഗിച്ച്് തുരന്നെടുത്ത മണ്ണും കല്ലും പുഴയോരത്ത് കൂട്ടിയിട്ടിരിക്കുകയാണ്.

മലയോരത്ത് ഉണ്ടാകുന്ന ശക്തമായ മഴയില്‍ കല്ലുകളും മണ്ണും കുത്തിയൊലിച്ച് പുഴയില്‍ പതിക്കുന്നു. സംരക്ഷണഭിത്തി കെട്ടിവേണം മണ്ണും പാറകളും നീക്കം ചെയ്യാന്‍ എന്നും വ്യവസ്ഥയുണ്ട്. ഇതും പാലിക്കപ്പെടുന്നില്ല. വര്‍ഷകാലത്ത് വെള്ളം തടഞ്ഞു നിര്‍ത്തി നാല് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന പദ്ധതി ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കും. ആയിരങ്ങളുടെ ആശ്രയമായ ഇരുവഞ്ഞിപ്പുഴ നശിപ്പിക്കുന്നതില്‍ പുഴ സംരക്ഷണ സമിതിക്ക് ആശങ്കയുണ്ട്.ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി വൈദ്യുതിബോര്‍ഡിന് നല്‍കി പകരം കൊച്ചിയിലുള്ള സിയാല്‍ കമ്പനി സ്ഥാപനങ്ങളിലേക്ക് ബോര്‍ഡില്‍ നിന്നും വൈദ്യുതി എടുക്കുന്നതാണ് പദ്ധതി.

Related posts