അമരവിള : ഹൈഡല്‍ ടൂറിസത്തിന് അനന്ത സാധ്യതയുളള ഈരാറ്റിന്‍പുറം ടൂറിസം പദ്ധതിക്ക് പ്രതീക്ഷ നല്‍കുകയാണ് നഗര സഭയുടെ ബജറ്റ്. കഴിഞ്ഞ ദിവസം പ്രഖ്യാപനങ്ങളിലൊതുങ്ങുന്ന ഈരാറ്റിന്‍പുറം വികസനത്തെപറ്റി ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തവണത്തെ ബജറ്റില്‍ ഒരു കോടി അമ്പത് ലക്ഷം രൂപയാണ് ടൂറിസം പദ്ധതിക്കായി പ്രാഥമിക തുകയായി മാറ്റിവെച്ചിട്ടുള്ളത് .
വരുന്ന നാലു വര്‍ഷം കൊണ്ട് ഡിസ്ട്രിക്ട് ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹായത്തോടെ തെക്കന്‍ കേരളത്തിലെ മികച്ച ഹൈഡല്‍ ടൂറിസം സെന്ററായി ഈരാറ്റിന്‍പുറത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ കെ. കെ ഷിബു പറഞ്ഞു . ഈരാറ്റിന്‍ പുറത്ത് നെയ്യാര്‍ രണ്ടായി പിരിയുന്ന 70 സെന്റ് സഥലത്ത് പാര്‍ക്ക് നിര്‍മിക്കുകയാണ് ആദ്യ പടി. കുടാതെ നഗര സഭയുടെ നേതൃത്വത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ബോട്ട് സര്‍വീസിനും തുടക്കം കുറിക്കും .
അഡ്വാന്‍സായി വകയിരുത്തിയിട്ടുള്ള തുക പര്യാപ്തമല്ലാത്തതിനാല്‍ ടൂറിസംഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ച് പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്നും വൈസ് ചെയര്‍മാന്‍ അറിയിച്ചു. എന്നാല്‍ പാര്‍ക്ക് നിര്‍മിക്കണമെങ്കില്‍ തന്നെ കോടികള്‍ ചിലവാകുമെന്നിരിക്കെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ആദ്യം പരിഗണന നല്‍കേണ്ടതെന്ന് ഈരാറ്റിന്‍പുറം നിവാസികള്‍ പറയുന്നു. മാമ്പഴക്കര വെളിയംകോട് റോഡില്‍ നിന്ന് പദ്ധതി പ്രദേശത്തേക്കെത്താനുളള കോണ്‍ക്രീറ്റ് റോഡ് ഇളക്കി ടാര്‍ ചെയ്യുകയാണ് ആദ്യം നടപ്പിലാക്കേണ്ടതെന്ന് ഈരാറ്റിപുറത്തെ സ്‌നേഹിക്കുന്നവര്‍ പറഞ്ഞു .