ഈ കൊക്കര്‍ണിയ്ക്ക് വരള്‍ച്ച ബാധകമല്ല

pkd-kinarപാലക്കാട്: വരള്‍ച്ചയെ പടിക്കുപുറത്താക്കി, വറ്റാത്ത ജലസ്രോതസായി ഇതാ ഒരുകൊക്കര്‍ണി. കടുത്ത വേനലില്‍  ജലസ്രോതസ്സുകള്‍ വറ്റി വരളുമ്പോളാണ് ജലസമൃദ്ധിയുടെ തെളിനീരും ആഴവുമായി കൊക്കര്‍ണി അതിശയിപ്പിക്കുന്നത്. നഗരത്തില്‍ നിന്നും മാറി പറക്കുന്നം ചുണ്ണാമ്പുത്തറ റോഡില്‍ വിദ്യുത് നഗറിലെ 60 അടിയിലധികം താഴ്ച്ചയുള്ള 15 അടി വ്യാസവുമുള്ള പടുകൂറ്റന്‍ കൊക്കര്‍ണിയാണിത്.വര്‍ഷങ്ങളോളം പാഴ്‌ച്ചെടികളും പായലും നിറഞ്ഞതായിരുന്നു ഈ കൊക്കര്‍ണി. പൊതു പ്രവര്‍ത്തകനായ സെയ്ത് പറക്കുന്നത്തിന്റെ ശ്രമഫലമായി ഇടക്കാലത്ത് കൊക്കര്‍ണിയുടെ ദുരവസ്ഥ ദൃശ്യ- പത്ര മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

ഇതിനെ തുടര്‍ന്ന് നഗരസഭ ഈ കൊക്കര്‍ണിയും സമീപത്തെ കോളനിയിലെ പൊതുകുളവും പൊതുകിണറും നന്നാക്കാനായി ഒന്നര ലക്ഷത്തോളം രുപ ഫണ്ട് പാസാക്കി.  എന്നാല്‍ വിദ്യുത് നഗറിലെ കൊക്കര്‍ണി കോളനി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇടപ്പെട്ട് വൃത്തിയാക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം കൊക്കര്‍ണിക്കകത്തെ പാഴ്‌ച്ചെടികള്‍ മാറ്റി പഴയ വെള്ളം മുഴുവനും മോട്ടോറുപയോഗിച്ച് പമ്പു ചെയ്ത് വെള്ളം ശുദ്ധീകരിക്കുകയായിരുന്നു. കിണറിന്റെ തകര്‍ന്ന കൈവരി പ്ലാസ്്റ്റിംഗ് നടത്തി കിണറിനു മുകളില്‍ കമ്പിവല സ്ഥാപിച്ചു. എക്കാലത്തും നിറഞ്ഞു നില്‍ക്കുന്ന കൊക്കര്‍ണിയിലെ വെള്ളം ഉപയോഗയോഗ്യമാക്കണമെന്നാണ് കോളനിക്കാരുടെ വിലയിരുത്തല്‍.

കൊപ്പം വില്ലേജ് രണ്ടില്‍ ഉള്‍പ്പെടുന്ന നാലാം വാര്‍ഡില്‍പ്പെട്ട വിദ്യുത് ശാസ്താപുരി കോളനിയിലുമായി ഏകദേശം ഇരുന്നൂറോളം വീടുകളാണുള്ളത്. വിദ്യുത് നഗറിലൂടെ സമീപത്തെ ചുണ്ണാമ്പുത്തറ, ശേഖരീപുരം ഭാഗത്തോക്ക് പ്രവേശിക്കാനാവും കോളനിയില്‍ 24 മണിക്കൂറും മലമ്പുഴ വെള്ളം വരുന്നതിനാലും മിക്ക വീടുകളിലും കിണറുകളും, ബോര്‍വെല്ലുകളും ഉള്ളതിനാല്‍ ഇവിടത്തുക്കാര്‍ക്ക് കൊക്കര്‍ണിയിലെ വെള്ളം ആവശ്യം വരുന്നില്ല. എന്നാല്‍ വേനലിലും അല്ലാതെയും തീയണക്കാന്‍ നെട്ടോട്ടമോടുന്ന ഫയര്‍ഫോഴ്‌സിന് കൊക്കര്‍ണിയിലെ വെള്ളം ഉപകാരപ്രദമാവും. നിലവില്‍ ജില്ലാ പഞ്ചായത്തിനു സമീപത്തെ കുളത്തില്‍ നിന്നും ആവശ്യത്തിന് വെള്ളം നിറയ്ക്കുന്നുണ്ടെങ്കിലും നഗരത്തിലും പരിസരപ്രദേശത്തുമുള്ള വാട്ടര്‍ ഹൈഡ്രന്റുകള്‍ മിക്കതും ഉപയോഗ ശൂന്യമായിരിക്കുകയാണ്.

എന്നാല്‍ പാലക്കാട് ഡിവിഷനിലെ വണ്ടികളും ഒലവക്കോട്, മലമ്പുഴ ഭാഗത്തു നിന്നും തീയണച്ചു വരുന്ന ഫയര്‍ഫോഴ്‌സും വാഹനങ്ങളുമൊക്കെ വിദ്യുത് നഗറിലെത്തി കൊക്കര്‍ണിയിലെ വെള്ളം സംഭരിക്കാം. കൂടാതെ റോഡുപണിക്കു മറ്റുമായുള്ള ആവശ്യത്തിനായി കൊക്കര്‍ണിയിലെ വെള്ളം ഉപയോഗിക്കാമെന്ന കോളനിയിലെ താമസക്കാരനായ രാഘവലുണ്ണി പറയുന്നു. പ്രഫ:പി.എ വാസുദേവനടക്കം നിരവധി പ്രമുഖര്‍ താമസിക്കുന്ന കോളനിയാണിത്. നിരവധി പൊതു കിണറുകളും ജലസംഭരണികളും ഉപയോഗ ശൂന്യമാകുകയാണ്.

അടുത്ത കാലത്ത് നഗരസഭാ മുന്‍കൈയെടുത്ത് മിക്ക പൊതുകിണറുകളും നന്നാക്കി കമ്പിവേലി സ്ഥാപിച്ചെങ്കിലും ഡയറാ തൊരുവിലെ പൊതു കിണര്‍ ഇപ്പോഴും ഉപയോഗ ശൂന്യമാണ്. എക്കാലത്തും ജലസമൃദ്ധിയുടെ പര്യായമായ വിദ്യുത് നഗറിലെ കൊക്കര്‍ണിയിലെ വെള്ളം കൂടിവെള്ള ടാങ്കുകളില്‍ ശേഖരിച്ച് ജലക്ഷാമം നേരിടുന്ന ഭാഗങ്ങളിലേക്കെത്തിക്കുക വഴി ഇവര്‍ക്ക് ഏറെ ആശ്വാസകരമാകുമെന്ന് കോളനിക്കാരും സമീപവാസികളും പറയുന്നത്. ഫയര്‍ ഫോഴ്‌സടക്കമുള്ളവര്‍ക്ക് ഉപകാരപ്രദമാക്കാനുള്ള നടപടികളും ഭരണകുടവും ബന്ധപ്പെട്ടവരും സ്വീകരിക്കണമെന്ന് കോളനിക്കാര്‍ പറയുന്നു.

Related posts