കൊച്ചി: കുവൈറ്റ് മദ്യദുരന്തത്തിന് ഇരയായി ഓര്മ നഷ്ടപ്പെട്ട ശേഷം കൊച്ചിയിലേക്ക് കയറ്റിവിട്ട ബംഗളുരു സ്വദേശി സൂരജ് ലാമയെ (58) കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകന് സന്ദന് ലാമ ഹെക്കോടതിയില് ഹേബിയസ് കോര്പ്പസ് ഹര്ജി നല്കി.
ഹര്ജി പരിഗണിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് എം. ബി സ്നേഹലത എന്നിവരുള്പ്പെട്ട ഡിവിഷന് ബെഞ്ച് സര്ക്കാരിന്റെയും സംസ്ഥാന പോലീസ് മേധാവിയുടെയും കൊച്ചി വിമാനത്താവള കമ്പനിയുടെയും വിശദീകരണം തേടി. ഹര്ജി നാളെ വീണ്ടും പരിഗണിക്കും.
ഈ മാസം അഞ്ചിനാണ് കുവൈറ്റ് അധികൃതര് സൂരജ് ലാമയെ കൊച്ചിയിലേക്ക് വിമാനം കയറ്റി വിട്ടത്. ബന്ധുക്കളെ വിവരം അറിയിച്ചിരുന്നില്ല. അഞ്ചിന് കൊച്ചിയില് വിമാനമിറങ്ങിയ സൂരജ് ലാമ തുടര്ന്ന് ആലുവ മെട്രോ സ്റ്റേഷനിലും കളമശേരി, തൃക്കാക്കര ഭാഗങ്ങളിലും അലഞ്ഞു.
എട്ടിന് തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്ത് എറണാകുളം ഗവ. മെഡിക്കല് കോളേജില് എത്തിച്ചിരുന്നു. പത്തിലെ ആശുപത്രി സിസിടിവി ദൃശ്യങ്ങളിലും സൂരജിനെ കാണാം. എന്നാല് പിതാവിനെ കാണാനില്ലെന്ന് മനസിലാക്കി മകന് കൊച്ചിയിലെത്തി അന്വേഷിച്ചെങ്കിലും ഇദ്ദേഹത്തെ ഇതുവരെ കണ്ടെത്താന് കഴിഞ്ഞില്ല. തുടര്ന്ന് സൂരജ് ലാമയുടെ ഭാര്യ നെടുമ്പാശേരി പോലീസില് പരാതി നല്കി. ഇതിനു പിന്നാലെയാണ് പിതാവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകന് കോടതിയെ സമീപിച്ചത്.