ഭോപ്പാല്‍: സിമി ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ ഉത്തരം മുട്ടി പോലീസ്. പോലീസ് പുറത്തുവിട്ട ഏറ്റുമുട്ടലിന്റെ വീഡിയോ ദൃശ്യത്തിലും അവ്യക്തതയാണ്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പോലീസ് പാറപ്പുറത്ത് സംസാരിച്ചുകൊണ്ടിരിക്കുന്ന അഞ്ചു പേര്‍ക്കുനേര്‍ക്ക് വെടിവയ്ക്കുന്നതിന്റെയും നിലത്തു കിടക്കുന്ന മൃതദേഹത്തിനു നേരെ പോലീസ് നിറയൊഴിക്കുന്നതിന്റെ ദൃശ്യമാണ് ഉള്ളത്.
കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകര്‍ പുതിയ വസ്ത്രവും വാച്ചും ധരിച്ചിരുന്നു. ഇത് എവിടെ നിന്നാണ് ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. സിമി ഭീകരരുടെ പക്കല്‍ ആയുധങ്ങള്‍ ഇല്ലായിരുന്നുവെന്നു പറഞ്ഞ പോലീസ് പിന്നീട് ഭീകരരുടെ പക്കല്‍ ആയുധങ്ങളുണ്ടായിരുന്നുവെന്നും പോലീസിനെ കണ്ടപ്പോള്‍ വെടിയുതിര്‍ത്തുവെന്നും പറഞ്ഞു. കനത്ത ഏറ്റുമുട്ടലിനൊടുവിലാണു ഭീകരരെ കൊലപ്പെടുത്തിയതെന്നും നാലു നാടന്‍തോക്കുകളും മൂര്‍ച്ചയേറിയ മൂന്ന് ആയുധങ്ങളും ഭീകരരുടെ പക്കല്‍നിന്നു കണ്ടെടുത്തെന്നും പോലീസ് പറഞ്ഞു. ആയുധങ്ങള്‍ പുറത്തുനിന്നു ലഭിച്ചെങ്കില്‍ എന്തുകൊണ്ട് ഇവര്‍ വാഹനം തയാറാക്കി രക്ഷപ്പെട്ടില്ല എന്ന ചോദ്യത്തിനു പോലീസിന് ഉത്തരമില്ല.
രമാശങ്കര്‍ യാദവ് എന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ജയിലില്‍നിന്നു സംഘടിപ്പിച്ച സ്റ്റീല്‍ പാത്രത്തിന്റെയും സ്പൂണിന്റെയും മൂര്‍ച്ചയുള്ള അരികുകൊണ്ടു കഴുത്തറത്തു കൊലപ്പെടുത്തിയശേഷം എട്ടു പേരും രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കിടക്കവിരികള്‍ കൂട്ടിക്കെട്ടി ജയിലിന്റെ കൂറ്റന്‍ മതില്‍ ചാടിയാണു ഭീകരര്‍ രക്ഷപ്പെട്ടത്. 30 അടി ഉയരമുള്ള മതിലിന്റെ മുകളില്‍ കിടക്കവിരികള്‍ കൂട്ടിക്കെട്ടി എങ്ങനെയാണ് എത്തിയതെന്ന കാര്യത്തിലും വ്യക്തതയില്ല. ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാത്തതിലും ദുരൂഹതയുണ്ട്. സിസിടിവി പ്രവര്‍ത്തിക്കുന്നില്ലായിരുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഭോപ്പാല്‍ നഗരപ്രാന്തത്തിലെ മാളിഖേദയില്‍വച്ചാണ് സിമി ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇത് ജയിലില്‍ നിന്നു 10 കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ്. എട്ടുമണിക്കൂര്‍ ലഭിച്ചിട്ടും ഇവര്‍ 10 കിലോമിറ്റര്‍ മാത്രം സഞ്ചരിച്ചതിലും അവ്യക്തതയുണ്ട്.
അംസാദ്, സക്കീര്‍ ഹുസൈന്‍ സാദിഖ്, മുഹമ്മദ് സാലിക്, മുജീബ് ഷേക്ക്, മെഹബൂബ് ഗുഡു, മുഹമ്മദ് ഖാലിക് അഹമ്മദ്, അഖീല്‍, മജീദ് എന്നിവരാണു പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ വാഗമണ്‍ സിമി ക്യാമ്പ് കേസിലെ പ്രതിയും ഉള്‍പ്പെടുന്നു. മഹാരാഷ്ട്ര, ഗോവ, തെലുങ്കാന എന്നിവിടങ്ങളില്‍നിന്നുള്ളവരാണു കൊല്ലപ്പെട്ടവര്‍.
തിങ്കളാഴ്ച വെളുപ്പിനു മൂന്നു മണിയോടെയാണു സിമി ഭീകരര്‍ ജയില്‍ ചാടിയത്. അതേസമയം, ഏറ്റുമുട്ടല്‍ സംബന്ധിച്ച് ദുരൂഹതയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തി. ഭീകരര്‍ ജയില്‍ ചാടിയ സംഭവവുമായി ബന്ധപ്പെട്ട് ഡിഐജി (ജയില്‍), ജയില്‍ സൂപ്രണ്ട്, ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ട്, അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് എന്നിവരെ മധ്യപ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്ന ജയിലിലെ ബി ബ്ലോക്കിലായിരുന്നു സിമി ഭീകരരെ പാര്‍പ്പിച്ചിരുന്നത്. ബാങ്ക് കവര്‍ച്ച, കൊലപാതകം തുടങ്ങിയ കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയായിരുന്നു ഇവര്‍.
ഐജിയുടെയും ആഭ്യന്തര മന്ത്രിയുടെയും പ്രസ്താവനയില്‍ വൈരുധ്യമുണ്ടെന്നും സംഭവത്തെക്കുറിച്ച് ജുഡീഷല്‍ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് നേതാക്കളായ ദിഗ്‌വിജയ് സിംഗും കമല്‍നാഥും പറഞ്ഞു. സിപിഎമ്മും എഎപിയും ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ടു.