ജില്ലയിലെ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കാന്‍ തുടങ്ങി; ദ്രുതകര്‍മസേന ക്യാമ്പ് ചെയ്യുന്ന മണിയാപറമ്പ് എസ്എന്‍ഡിപി എല്‍പി സ്കൂളിന് അഞ്ചുവരെ അവധിയായിരിക്കും

alp-duckകോട്ടയം: ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കുന്നതു ആരംഭിച്ചു. ഇന്നു രാവിലെ  ആര്‍പ്പൂക്കര, അയ്മനം, മഞ്ചാടി ക്കരി പ്രദേശങ്ങളിലെ താറാവുകളെയാണ് കൊന്നൊടുക്കിയത്. രോഗബാധ കണെ്ടത്തിയ മേഖലകളില്‍ മൂന്നു മാസത്തേക്കു താറാവു വളര്‍ത്തല്‍ അനുവദിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ സി.എ. ലതയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗത്തിലാണു തീരുമാനം.

ആര്‍പ്പൂക്കര പഞ്ചായത്ത് രണ്ടാം വാര്‍ഡ്, മണിയാപറമ്പ്, കേളക്കരി എന്നിവിടങ്ങളിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പക്ഷിപ്പനി ബാധിച്ച് താറാവ് ചത്ത എട്ട് കര്‍ഷകരാണ് നിലവില്‍ ലിസ്റ്റിലുള്ളത്. ഇവര്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.  ആര്‍പ്പൂക്കര പഞ്ചായത്തില്‍ കേളക്കരിയില്‍ രോഗം ബാധിച്ച  താറാവുകളെയാണ് നശിപ്പിച്ചത്. രോഗബാധിത പ്രദേശങ്ങളില്‍ 90 ദിവസത്തേക്ക് തുടര്‍ച്ച യായ പരിശോധനകളും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കും. ഇക്കാലയളവില്‍ പുതുതായി താറാവുകളെ വളര്‍ത്തുന്നതിന് അനുവദിക്കില്ല.

പ്രദേശത്തെ എട്ടു കര്‍ഷകരുടെ ഫാമുകളില്‍നിന്നുള്ള 12 സാമ്പിളുകളാണ് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയച്ചിരുന്നത്. എല്ലാ സാമ്പിളുകളിലും രോഗബാധ സ്ഥിരീകരിച്ചതായി കളക്ടര്‍ അറിയിച്ചു. രോഗം ബാധിച്ച താറാവുകളെ ആര്‍ആര്‍ടി (റാപ്പിഡ് റെസ്‌പോണ്‍സ് ടീം) യുടെ നേതൃത്വത്തില്‍ കഴുത്തു ഞെരിച്ച് കൊന്നാണ് ചുട്ടെരിക്കുന്നത്. കഴിഞ്ഞ മാസം 26 മുതല്‍ പക്ഷിപ്പനി ബാധയെ തുടര്‍ന്ന് 3125 താറാവുകളാണു ചത്തത്. ആര്‍പ്പൂക്കര, അയ്മനം എന്നിവിടങ്ങളിലായാണു താറാവുകള്‍ കൂടുതലായും ചത്തതെന്നും കളക്ടര്‍ പറഞ്ഞു. ഇതുവരെ ആകെ 6000 താറാവുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗബാധയുള്ള താറാവുകള്‍ക്ക് അടുത്തേക്ക് പുറത്തുനിന്നു താറാവുകള്‍ എത്താതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. രോഗബാധിതപ്രദേശങ്ങളില്‍ താറാവ് മുട്ട വില്‍പ്പന തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.  പ്രശ്‌നത്തില്‍ വെറ്ററിനറി, പോലീസ്, പഞ്ചായത്ത്, ആരോഗ്യ വിഭാഗങ്ങളുടെ സഹകരണത്തോടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

താറാവുകളെ കൊന്നൊടുക്കാന്‍  മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. ആറംഗങ്ങള്‍ വീതമുള്ള സംഘത്തില്‍ മൃഗസംരക്ഷണ വകുപ്പിന് പുറമെ ആരോഗ്യം, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഉണ്ടാകും. ഇത്തരത്തിലുള്ള 10 സംഘങ്ങള്‍ക്ക് ജില്ലയില്‍ ഇതിനകം രൂപം നല്‍കിക്കഴിഞ്ഞു.

സ്കൂളിന് അവധി
കോട്ടയം: പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ദ്രുതകര്‍മസേന ക്യാമ്പ് ചെയ്യുന്ന മണിയാപറമ്പ് എസ്എന്‍ഡിപി എല്‍പി സ്കൂളിന് ഇന്നു മുതല്‍ അഞ്ചു വരെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

Related posts