പരവൂര്‍: കണ്‍മുന്നില്‍ കണ്ട ദുരന്തത്തിന്റെ നടുക്കത്തില്‍നിന്ന് സുരേഷ് ഇതുവരെ മോചിതനായില്ല. ഉത്സവങ്ങള്‍ കമ്പമായിരുന്ന പ്രവാസിമലയാളിയായ സുരേഷ് വെടിക്കെട്ട് കാണാനും ഉത്സവം ആഘോഷിക്കുന്നതിനുമായാണ് നാട്ടില്‍ എത്തിയത് .വിദേശത്ത് ജോലിചെയ്യുന്ന കലയ്‌ക്കോട് ഓമനവിലാസത്തില്‍ സുരേഷിന് നാട്ടില്‍ ഉത്സവങ്ങള്‍ തുടങ്ങിയാല്‍ പിന്നെ ജോലിസ്ഥലത്ത് ഇരിപ്പ് ഉറക്കില്ലെന്ന് സുരേഷ് തന്നെപറയുന്നു. കഴിഞ്ഞ തവണ കമ്പം കാണാന്‍ കഴിഞ്ഞില്ല.
അതിനാല്‍ ഈ ഉത്സവത്തിന് കൊടികയറിയദിവസം തന്നെ നാട്ടില്‍ എത്തി പുറ്റിംഗല്‍ ക്ഷേത്രത്തിലെ കമ്പം അതായിരുന്നു മനസില്‍. കെ എസ് ആര്‍ ടിസി ജീവനക്കാരനായ സുഹൃത്ത് വികാസിനൊപ്പമാണ് പുറ്റിംഗല്‍ ക്ഷേത്രത്തിലെ കമ്പം കണാനെത്തിയത്. ആകാശത്തിലെ വര്‍ണ വിസ്മയം കണ്ട് ആസ്വദിച്ചുനിന്ന ഇവര്‍ക്ക് മുന്നില്‍ കണ്ട ദുരന്തം മനസില്‍ ഇപ്പോഴും ഭീതി പരത്തുന്നു. ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തില്‍ നിന്നും എങ്ങനെ തങ്ങള്‍ രക്ഷപ്പെട്ടു എന്ന കാര്യവും ഇവര്‍ക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല. കമ്പം ആസ്വദിച്ച് കാണുകയായിരുന്ന ഇരുവരും .
കമ്പ പുരയ്ക്ക് സമീപം പെട്ടെന്നൊരു തീഗോളം ഉയര്‍ന്നു പൊങ്ങുന്നതായാണ് തോന്നിയത്. ഭൂമി കുലുങ്ങുന്നപോലെ വലിയൊരുശബ്ദവും .ശരീരം തളര്‍ന്ന് പോകുന്നപോലെ തോന്നി. വൈദ്യുതി നിലച്ചു .എങ്ങും ഇരുട്ട് വ്യാപിച്ചതില്‍ ഒന്നും കാണാന്‍ കഴിയുന്നില്ല. കൂട്ട നിലവിളിയോടെ ആളുകള്‍ പരക്കം പായുകയാണ് .എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞില്ലെന്നും സുരേഷ് ഓര്‍ക്കുന്നു.ജനം നിലവിളികളോടെ നാലും പാടും ഓടുന്ന കാഴ്ച. അന്തരീക്ഷമാകെ പൊടിപടലങ്ങള്‍ . സുരേഷ് തളര്‍ന്ന് തലയില്‍ കൈവച്ച് നിലത്തിരുന്നു. വികാസ് ഓടിമാറി. സുരേഷിന്റെ ശരീരം മുഴുവന്‍ വിറയ്ക്കുകയായിരുന്നു.
യുദ്ധഭൂമിയില്‍ പെട്ട പ്രതീതിയായിരുന്നു. ചുറ്റുപാടും നിലവിളിക്കുന്നവര്‍. ഇവരുടെ അടുത്തെത്തി സഹായിക്കാന്‍ പോലും കഴിയാതെ വിറങ്ങലിച്ചു നില്‍ക്കാനെ കഴിഞ്ഞുളളു. കമ്പപ്പുരക്ക് തീ പിടിച്ച ദുരന്തചിത്രങ്ങളാണ് കണ്‍മുന്നില്‍കണ്ടതെന്ന് സുരേഷിന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. തൊട്ടുമുന്നില്‍ അതുവരെ ജീവനോടെ നിന്നവരുടെ ശവശരീരങ്ങള്‍ മനസിനെ ഭീതിയിലാഴ്ത്തി. ദുരന്തത്തില്‍ കൈയും കാലും തകര്‍ന്നവരുടെ ദയനീയ നിലവിളിയാണ് കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നതെന്ന് സുരേഷ് പറയുമ്പോള്‍ കണ്‍ മുന്നില്‍ കണ്ട ദുരന്തത്തിന്റെ വ്യാപ്തി ആ മുഖത്ത് നിന്നും വായിച്ചെടുക്കാം.