സീമ സുരേഷ്
ഡെപ്യൂട്ടി ഡയറക്ടര്‍, കൃഷിവകുപ്പ്, തിരുവനന്തപുരം
തോട്ടങ്ങളില്‍ പാറിപ്പറന്നു നീങ്ങുന്ന ചിത്രശലഭങ്ങളെ ശക്തമായ ഒരു കാന്തം പോലെ ആകര്‍ഷിക്കുന്ന ഒരു പൂച്ചെടി അതാണ് ബട്ടര്‍ഫ്‌ളൈ ബുഷ് എന്ന പുഷ്പസുന്ദരിയുടെ മുഖമുദ്ര. ഇംഗ്ലീഷില്‍ ഇതിന് ബഡ്‌ലീയ എന്നു പേര്. ചിത്രശലഭങ്ങള്‍ തേനുണ്ണാന്‍ ബഡ്‌ലീയ ചെടി തേടി വരുന്നതു കണ്ടിട്ട് ഉദ്യാനപ്രേമികള്‍ ഇതിന് ചിത്രശലഭങ്ങളുടെ കാന്തം എന്നയര്‍ഥത്തില്‍ ബട്ടര്‍ ഫ്‌ളൈ മാഗ്നറ്റ് എന്നും ഓമനപ്പേരു നല്‍കി. പല ഉദ്യാനപ്രേമികളും തങ്ങളുടെ ഉദ്യാനസങ്കല്പങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് പോലും ബഡ്‌ലീയ ചെടിയെ കേന്ദ്രീകരിച്ചാണ്. ഉച്ചയോടടുക്കുന്ന നേരത്താണ് പൂക്കളിലെ തേന്‍ ഏറ്റവും മധുരതരമായി മാറുന്നത്. ഈ സമയത്ത് ചിത്രശലഭങ്ങളും തേനീച്ചകളും ഇതിലേക്ക് വരിവച്ചെത്തുന്നതു കാണാം. അത്യാവശ്യത്തിന് സുഗന്ധവുമുണ്ട് പൂക്കള്‍ക്ക്.
നല്ല വെളിച്ചവും വെള്ളം വാര്‍ന്നു പോകാന്‍ സൗകര്യമുള്ള കൃഷിസ്ഥലവും മാധ്യമവുമാണ് ഇതിനു വളരാന്‍ വേണ്ടത്. മണ്ണിളക്കി ജൈവവളം ചേര്‍ത്ത്, തൈ വളര്‍ത്തിയിരിക്കുന്ന ചട്ടിയുടെ ഇരട്ടിവലിപ്പത്തില്‍ കുഴിയെടുത്ത് അതില്‍ വേണം നടാന്‍. ചട്ടിയില്‍ വളര്‍ത്തുമ്പോള്‍ മണലും പീറ്റ്‌മോസും കലര്‍ന്ന മാധ്യമം വേണം ഉപയോഗിക്കാന്‍. കരുത്തോടെ വളരുന്ന കുറ്റിച്ചെടിയാണ് ബഡ്‌ലീയ ഡേവിഡി എന്ന് പേരുള്ള ചിത്രശലഭച്ചെടി. സസ്യസ്‌നേഹിയും പുതിയ ചെടികള്‍ കണ്ടെത്തുന്നതില്‍ പ്രഗത്ഭനുമായിരുന്ന ചൈനയിലെ ഫാദര്‍ അര്‍മന്‍ഡ് ഡേവിഡിന്റെ ഓര്‍മയ്ക്കായിട്ടാണ് ഈ ചെടിക്ക് ബഡ്‌ലീയ ഡേവിഡി എന്നു പേരു നല്‍കിയത്. സമ്മര്‍ ലൈലാക്ക്, ഓറഞ്ച് ഐ എന്നെല്ലാം ഇതിന് വിളിപ്പേരുകളുണ്ട്. ജപ്പാനിലും മധ്യചൈനയിലെ സിചുവാന്‍, ഹുബെ പ്രവിശ്യകളിലുമാണ് ചിത്രശലഭച്ചെടിയുടെ ജനനം. അഞ്ചു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ ചെടിക്ക് അല്പം വളഞ്ഞുവളരുന്ന സ്വഭാവമുണ്ട്. പ്രായമാകുന്നതനുസരിച്ച് ചെടിയുടെ വിളറിയ ബ്രൗണ്‍ നിറമുള്ള തണ്ടില്‍ വീണ്ടു കീറിയതു പോലെ പാടുകള്‍ കാണാം. നീണ്ട് കമാനരൂപത്തില്‍ വളരുന്ന വളഞ്ഞ തണ്ടുകളാണ് ഇതിന്റെ പ്രത്യേകത. പൂക്കള്‍ക്ക് പര്‍പ്പിള്‍, വെള്ള, പിങ്ക്, ചുവപ്പ് എന്നിങ്ങനെ ഏതു നിറവുമാകാം. ഇതളുകളുടെ മധ്യഭാഗത്തിന് ഓറഞ്ചുനിറമാണ്.
വിത്തു വഴിയും തണ്ടു മുറിച്ചുനട്ടും ചിത്രശലഭച്ചെടി വളര്‍ത്താം. ഇങ്ങനെയെങ്കിലും തണ്ടു മുറിച്ചു നട്ടുള്ള കൃഷിരീതിയാണ് ഉത്തമം. മൂന്നിഞ്ച് നീളമുള്ള തണ്ടിന്‍ കഷണങ്ങള്‍ മുറിച്ചെടുത്ത് ചുവടുഭാഗത്തെ ഇലകള്‍ നീക്കുക. വേരുപിടിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ പുരട്ടിയ തണ്ടിന്‍കഷണം നനഞ്ഞമണല്‍ ഉള്‍പ്പെടുന്ന പോട്ടിംഗ് മിശ്രിതത്തില്‍ നടണം. വേനലിന്റെ മധ്യത്തോടെ വേണം തണ്ടു മുറിച്ചു നട്ട് ചിത്രശലഭച്ചെടി വളര്‍ത്താന്‍. തണ്ടിനു വേരുപിടിച്ചു കിട്ടാനുപയോഗിക്കുന്ന വളര്‍ച്ചാമാധ്യമത്തില്‍ പീറ്റ് മോസ്, പെര്‍ലൈറ്റ് എന്നിവയാണ് ഉപയോഗിക്കേണ്ടത്. വേരു പിടിപ്പിക്കാന്‍ കആഅ (ഇന്‍ഡോള്‍ ബ്യൂട്ടിറിക് ആസിഡ്) പോലുള്ള ഹോര്‍മോണ്‍ പൊടികള്‍ ഉപയോഗിക്കാം. വേരുപിടിപ്പിച്ച കഷണങ്ങള്‍, നനവുള്ള പീറ്റ്‌മോസ്, പെര്‍ലൈറ്റ് എന്നിവ തുല്യയളവില്‍ കലര്‍ത്തിയ പോട്ടിംഗ് മിശ്രിതത്തിലാണ് നടേണ്ടത്. തണ്ടിന്‍കഷണങ്ങള്‍ക്ക് മൂന്നു മുതല്‍ ആറാഴ്ചയ്ക്കുള്ളില്‍ വേരു പിടിച്ചിട്ടുണ്ടാകും. ചെടി വളരുന്നതനുസരിച്ച് തടത്തില്‍ നാലിഞ്ച് കനത്തില്‍ പുതയിടുന്നതും നല്ലതാണ്.
അതിവേശം വളരുന്നതാണ് ചിത്രശലഭച്ചെടിയുടെ പതിവ്. ഉദ്യാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഇത് നട്ടുവളര്‍ത്താം. നീണ്ട് പുഷ്പസമൃദ്ധമായ പൂങ്കുലകള്‍ ചെടിക്ക് സവിശേഷ ചാരുതനല്‍കും എന്നു മാത്രമല്ല നാലു മുതല്‍ ആറാഴ്ച വരെ ഭംഗി നഷ്ടപ്പെടാതെ ചെടിയില്‍ വിടര്‍ന്നു നില്‍ക്കുകയും ചെയ്യും.
ചിത്രശലഭച്ചെടിയുടെ ശ്രദ്ധേയമായ ഇനങ്ങള്‍
നാനോഹെന്‍സിസ്-മൃദുലമായ ഇതളുകളുള്ള പൂക്കള്‍ക്ക് നീലലോഹിതവര്‍ണം, ഇലകള്‍ക്ക് ചാരനിറം.
മാഗ്നിഫിക്ക – പൂക്കള്‍ക്ക് നീലലോഹിതവര്‍ണം, പൂങ്കുലകള്‍ക്ക് 60 സെന്റീമീറ്റര്‍ വരെ നീളമുണ്ടാകും.
സൂപ്പെര്‍ബ-നെടുനീളന്‍ പൂങ്കലകള്‍.
വില്‍സോണി- അയഞ്ഞ്, ഞൊറിവുള്ള പൂവിതളുകള്‍.
വിച്ചിയാന-ഇളം നീലപ്പൂക്കള്‍
ഇതില്‍ നാനോഹെന്‍സിസ് എന്ന ഇനത്തിന് വെളുത്തപൂക്കളുള്ള ചെടികളുമുണ്ട്. ഉയരത്തില്‍ വളരുന്ന ചിത്രശലഭച്ചെടികളെ കൊമ്പുകോതി ഉയരം ക്രമീകരിച്ചു വളര്‍ത്തണം. അതുപോലെ തന്നെ നിറം മങ്ങി, ശോഭ കുറയുന്ന പൂങ്കുലകള്‍ നീക്കുകയും വേണം. ചട്ടിയിലും മറ്റും വളര്‍ത്തുമ്പോള്‍ ആറുമാസത്തിലൊരിക്കല്‍ വളര്‍ച്ചാമാധ്യമത്തിന്റെ മുകള്‍ഭാഗത്തെ ഒരു പാളി മണ്‍മിശ്രിതം നീക്കി അവിടെ കുറച്ചു പുതിയ ജൈവവളവും വേപ്പിന്‍പിണ്ണാക്കും ചേര്‍ത്തു മിശ്രിതം പുതുക്കണം. അമിതമായ വളപ്രയോഗം ഈ ചെടിക്ക് ഗുണം ചെയ്യില്ലെന്നോര്‍ക്കുക. കൂടുതല്‍ വളങ്ങള്‍ ചെടിയുടെയും ഇലയുടെയും അമിതമായ വളര്‍ച്ചക്കു മാത്രമേ സഹായിക്കുകയുള്ളു. പൂക്കള്‍ വിടരില്ല. പഴയ പൂങ്കുലകള്‍ ചെടിയില്‍ നിര്‍ത്താതെ നീക്കിയാലേ പുതുമുളകളും പൂമൊട്ടുകളും ഉണ്ടാകുകയുള്ളൂ.
ചിത്രശലഭച്ചെടിയുടെ തന്നെ ഏഷ്യയില്‍ കാണുന്ന ഇനമാണ് ബഡ്‌ലീയ ഏഷ്യാറ്റിക്ക. അതിന് വൈറ്റ് ബട്ടര്‍ ഫ്‌ളൈ ബുഷ്, ഏഷ്യന്‍ ബട്ടര്‍ഫ്‌ളൈ ബുഷ് എന്നെല്ലാം പേരുണ്ട്. കഴിക്കന്‍ ഏഷ്യയുടെ സന്തതിയാണ് ഈ ഉദ്യാനസസ്യം. 12 അടിയോ അതിലധികമോ ഉയരത്തില്‍ ഇതു വളരും. ചെറിയ വെളുത്ത പൂക്കള്‍ നിറഞ്ഞ ഭാരമേറിയ പൂങ്കുല. അതുകൊണ്ടുതന്നെ താഴേക്ക് വളഞ്ഞാണ് നില്‍ക്കുക. സുഖകരമായ സുഗന്ധവും പൂക്കള്‍ക്കുണ്ട്. ചെടി മുഴുവന്‍ പുഷ്പിച്ചുകഴിഞ്ഞാല്‍ ഇലകളൊന്നും കാണാന്‍ കഴിയില്ല. നിറയെ പൂക്കള്‍ മാത്രം നിറഞ്ഞ ഒരു ചെടിയാണെന്നേ തോന്നുകയുള്ളൂ. ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ഇതില്‍ പൂക്കളുണ്ടായിരിക്കും.
ഉദ്യാനം ശലഭസുരഭിലമാക്കാന്‍ നമുക്കും വളര്‍ത്താം ചിത്രശലഭച്ചെടികള്‍.