ഉപയോക്താക്കള്‍ സൂക്ഷിക്കുക; ഷര്‍ട്ടുകളിലും വ്യാജന്മാര്‍! ബ്രാന്‍ഡഡ് കമ്പനികളുടെ വ്യാജ ഷര്‍ട്ടുകളും പാന്റുകളും പിടികൂടി

Shirtകണ്ണൂര്‍: നഗരത്തിലെ തുണിക്കടകളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ബ്രാന്‍ഡഡ് കമ്പനികളുടെ വ്യാജ ഷര്‍ട്ടുകളും പാന്റുകളും പിടികൂടി. ലൂയിസ് ഫിലിപ്പ്, അലന്‍ സോളി തുടങ്ങിയ കമ്പനികളുടെ 500 ഓളം വ്യാജ ഷര്‍ട്ടുകളും പാന്റുകളുമാണു പിടികൂടിയത്.

ആദിത്യ ബിര്‍ള കമ്പനി അധികൃതര്‍ നല്‍കിയ പരാതിയിലായിരുന്നു റെയ്ഡ്. കണ്ണൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളിനു സമീപത്തെ ഒരുകടയില്‍ നിന്നാണു വ്യാജ ബ്രാന്‍ഡഡ് ഷര്‍ട്ടുകളും പാന്റുകളും പിടികൂടിയത്. മൂവായിരം രൂപയോളം വിലവരുന്ന ബ്രാന്‍ഡഡ് ഷര്‍ട്ടുകളും പാന്റുകളും 700-1500 രൂപയ്ക്കാണു കടയില്‍നിന്നു വിറ്റഴിക്കുന്നത്. മൊത്ത കച്ചവടക്കാരില്‍ നിന്നും 200-300 രൂപയ്ക്കു വാങ്ങുന്ന ഉത്പന്നങ്ങളാണ് ഇവര്‍ 700-1500 രൂപയ്ക്കു വിറ്റഴിക്കുന്നത്.

കമ്പനിയുടെ എംബ്ലവും ട്രേഡ് മാര്‍ക്കും കൃത്രിമമായി നിര്‍മിച്ചു വ്യാജ ഷര്‍ട്ടുകളും പാന്റുകളും വിപണിയില്‍ വില്‍പന നടത്തുന്നുണ്ടെന്നു കാണിച്ചായിരുന്നു കമ്പനി അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്. കണ്ണൂരിലെ മറ്റു പല കടകളിലും ഇത്തരത്തില്‍ ഷര്‍ട്ടുകള്‍ വില്‍പന നടത്തുന്നുണ്ടെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അടുത്ത ദിവസം കൂടുതല്‍ പരിശോധന നടത്തുമെന്നു പോലീസ് അറിയിച്ചു.

Related posts