തിരുപ്പൂര്‍: തമിഴ്‌നാട്ടില്‍ ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം ചെയ്തതിന് ദളിത് യുവാവിനെ വെട്ടി കൊലപ്പെടുത്തിയത് ദുരഭിമാനക്കൊലപാതകത്തിന്റെ ഭാഗമെന്ന് പോലീസ് റിപ്പോര്‍ട്ട്. തിരുപ്പൂരിലെ ഉദുമല്‍പേട്ട സ്വദേശി ശങ്കര്‍ (21) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഉയര്‍ന്ന ജാതിക്കാരിയായ കൗസല്യയെ (19) വിവാഹം കഴിച്ചതിന്റെ പ്രതികാരമായാണ് ശങ്കറിനെ വെട്ടി കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ അക്രമികള്‍ ശങ്കറിനെ പെണ്‍കുട്ടി കാണ്‍കെ കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ ഗുരതരമായി പരിക്കേറ്റ പെണ്‍കുട്ടിക്കും അപകട നില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പളനി സ്വദേശിനിയായ കൗസല്യ ഉയര്‍ന്ന സമുദായാംഗമാണ്. ശങ്കറും കൗസല്യയും എട്ട് മാസം മുമ്പാണ് വിവാഹിതരായത്. പൊള്ളാച്ചിയിലെ എന്‍ജിനിയറിംഗ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് ശങ്കര്‍.
വിവാഹത്തിനു ശേഷം ശങ്കര്‍ കുടുംബത്തിനൊപ്പമായിരുന്നു താമസം. വിവാഹശേഷം തന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് നേരത്തെ കൗസല്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന് പോലീസ് താക്കീത് നല്‍കിയിരുന്നു.