ഉറുഗ്വെ കോപ്പയ്ക്കു പുറത്ത്

sp-urugayറോസ് ബൗള്‍: കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെ പുറത്ത്. ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോടു പരാജയപ്പെട്ട ഉറുഗ്വെ ഇന്നലെ വെനസ്വേലയ്ക്കു മുന്നിലും കീഴടങ്ങി, 1-0. 36-ാം മിനിറ്റില്‍ ശലോമന്‍ റൊണ്‍ഡനാണ് വെനസ്വേലയുടെ ജയംകുറിച്ച ഗോള്‍ സ്വന്തമാക്കിയത്. ഇതോടെ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ഉറുഗ്വെ നോക്കൗട്ട് കാണാതെ മടങ്ങി.

ആദ്യ മിനിറ്റില്‍തന്നെ ഉറുഗ്വെന്‍ ഗോള്‍ മുഖം വിറപ്പിച്ചാണ് വെനസ്വേല തുടങ്ങിയത്. വെനസ്വേലയുടെ അഡല്‍ബര്‍ട്ടോ പേനറാന്‍ഡ തൊടുത്ത ഷോട്ട് ബോക്‌സിനുള്ളില്‍ ഡീയേഗോ ഗോഡിന്‍ ബ്ലോക്ക് ചെയ്തു. കോര്‍ണര്‍ വഴങ്ങിയാണ് ഗോഡിന്‍ പേനറാന്‍ഡയുടെ ഷോട്ട് രക്ഷപ്പെടുത്തിയത്. നാലാം മിനിറ്റില്‍ ഉറുഗ്വെയ്ക്കായി എഡിസണ്‍ കവാനി ഡിഫന്‍സീവ് ഹാഫില്‍ ഫ്രീകിക്ക് നേടി. എന്നാല്‍, കളിഗതിയില്‍ കാര്യമായ മാറ്റം തുടര്‍ന്നങ്ങോട്ട് ഉണ്ടായില്ല.

പന്തടക്കത്തില്‍ മുന്നിലായിരുന്നെങ്കിലും വെനസ്വേല ഗോള്‍വലയില്‍ ചലനമുണ്ടാക്കാന്‍ ഉറുഗ്വെന്‍ താരങ്ങള്‍ക്കായില്ല. 35-ാം മിനിറ്റില്‍ ഉറുഗ്വെയ്‌ക്കെതിരേ പ്രത്യാക്രമണത്തിലൂടെ മുന്നേറിയ വെനസ്വേലയുടെ അലഹാന്ദ്രോ ഗ്വറേറ മൈതാനത്തിന്റെ ഏകദേശം പകുതിയില്‍നിന്ന് തൊടുത്ത ലോംഗ് റേഞ്ച് ഉറുഗ്വെന്‍ ഗോളി ഫെര്‍ണാണേ്ടാ മുസ്‌ലേര തട്ടിയകറ്റാന്‍ ശ്രമിച്ചു. എന്നാല്‍, പന്ത് ക്രോസ് ബാറില്‍ ഇടിച്ചു തിരിച്ചെത്തിയതോ പാഞ്ഞെത്തിയ റൊണ്‍ഡന്റെ നേര്‍ക്ക്. വീണുകിട്ടിയ അര്‍ധാവസരം മുതലാക്കിയ റൊണ്‍ഡണ്‍ ഞൊടിയിടയില്‍ പന്ത് വലയ്ക്കുള്ളിലാക്കി. 1-0നു വെനസ്വേല മുന്നില്‍.

ഒരു ഗോളിന്റെ ലീഡുമായി രണ്ടാം പകുതിക്കിറങ്ങിയ വെനസ്വേല ഗോള്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ല. മറുഭാഗത്ത് ഉറുഗ്വെയ്ക്ക് ലഭിച്ച അവസരങ്ങള്‍ ഒന്നൊന്നായി നഷ്ടമായി. 56-ാം മിനിറ്റില്‍ ഉറുഗ്വെയുടെ ഗസ്റ്റണ്‍ റാമിറസും റസ്റ്റണ്‍ സില്‍വയും ഗോളിലേക്ക് ലക്ഷ്യംവച്ചെങ്കിലും പന്ത് പുറത്തേക്കാണു പാഞ്ഞത്. മലവെള്ളപ്പാച്ചില്‍പോലെ ഉറുഗ്വെ വെനസ്വേല ഗോള്‍ മുഖത്തേക്ക് കുതിച്ചെങ്കിലും ഭാഗ്യത്തിന്റെ അകമ്പടിയും പോരാട്ട വീര്യവുമായി അവര്‍ ചെറുത്തുനില്‍പ്പ് തുടര്‍ന്നു. ഇടയ്ക്ക് ഉറുഗ്വെന്‍ ഗോള്‍മുഖത്തും തങ്ങളുടെ സാന്നിധ്യമറിയിച്ച് വെനസ്വേല പിടിച്ചു നിന്നു. അവസാന മിനിറ്റുകളില്‍ എഡിസണ്‍ കവാനിക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കുന്നതില്‍ പരാജയപ്പെട്ടു. 90-ാം മിനിറ്റില്‍ വെനസ്വേല ഗോളി മാത്രം മുന്നില്‍ നില്‍ക്കേ കവാനി തൊടുത്ത ഷോട്ടുപോലും പുറത്തേക്കാണു പോയത്. അതോടെ തോല്‍വിയുമായി ഉറുഗ്വെ പുറത്തേക്കും ജയത്തോടെ വെനസ്വേല ക്വാര്‍ട്ടറിലേക്കും.

കോപ്പ അമേരിക്കയില്‍ ഉറുഗ്വെയെ ഇതുവരെ കീഴടക്കാന്‍ സാധിച്ചില്ലെന്ന പേര് തിരുത്തിയാണ് വെനസ്വേല മത്സരം അവസാനിപ്പിച്ചത്. മൂന്ന് കോപ്പ അമേരിക്കകളില്‍ ഗോള്‍ അടിച്ച ആദ്യ വെനസ്വേലന്‍ താരം എന്ന ബഹുമതിയും റൊണ്‍ഡണ്‍ ഉറുഗ്വെയ്‌ക്കെതിരായ ഗോളിലൂടെ സ്വന്തമാക്കി. ലാറ്റിനമേരിക്കയില്‍നിന്നുള്ള 2018 ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ആറു മത്സരങ്ങളില്‍ ഒരു സമനിലമാത്രമാണ് വെനസ്വേലയ്ക്ക് ഇതുവരെ നേടാന്‍ സാധിച്ചത്. പെറുവിനെതിരേ നേടിയ 2-2 സമനിലയില്‍നിന്ന് ലഭിച്ച ഒരു പോയിന്റുമായി പട്ടികയില്‍ അവസാന സ്ഥാനത്താണ് വെനസ്വേല ഇപ്പോള്‍.

കോപാകുലനായി ലൂയിസ് സുവാരസ്
കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോള്‍ ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ വെനസ്വേലയ്‌ക്കെതിരേ കളിക്കാന്‍ സാധിക്കാതിരുന്ന ലൂയിസ് സുവാരസ് കോപാകുലനായി. പകരക്കാരുടെ ബെഞ്ചില്‍ സുവാരസ് ഉണ്ടായിരുന്നെങ്കിലും ഉറുഗ്വെന്‍ കോച്ച് ഓസ്കര്‍ ടബേരസ് അദ്ദേഹത്തെ കളത്തിലിറക്കാന്‍ കൂട്ടാക്കിയില്ല.

തീര്‍ത്തും അസ്വസ്ഥനായ സുവാരസ് ഒരു ഘട്ടത്തില്‍ ഇരിപ്പിടത്തിന്റെ വശത്ത് ആഞ്ഞിടിക്കുകയും സ്ലീവ്‌ലെസ് ജാക്കറ്റ് ഊരിയെറിയുകയും ചെയ്തു. പ്രതിഷേധസൂചകമായി ബൂട്ട് അഴിച്ച സുവാരസിന്റെ ഒരു ബൂട്ട് മൈതാനത്തേക്കു തെറിച്ചെത്തി.എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് തനിക്ക് യാതൊരറിവും ഇല്ലെന്നാണ് ടബേരസ് മത്സരശേഷം പറഞ്ഞത്. സുവാരസ് പരിക്കില്‍നിന്ന് പൂര്‍ണമായി മുക്തമായിട്ടില്ലെന്നും നൂറു ശതമാനം ശാരീരികക്ഷമതയില്ലാത്ത കളിക്കാരനെ കളത്തിലിറക്കില്ലെന്നും ടബേരസ് കൂട്ടിച്ചേര്‍ത്തു.

പെരേരയ്ക്ക് റിക്കാര്‍ഡ്
ഉറുഗ്വെയ്ക്കായി ഏറ്റവുമധികം മത്സരം കളിക്കുന്ന താരമമെന്ന നേട്ടം മാക്‌സി പെരേര സ്വന്തമാക്കി. കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോളില്‍ വെനസ്വേലയ്‌ക്കെതിരായ മത്സരത്തില്‍ ഇറങ്ങിയതോടെയാണിത്. മുന്‍ താരം ഡീയേഗോ ഫോര്‍ലാന്റെ പേരിലായിരുന്ന 112 മത്സരങ്ങള്‍ എന്ന റിക്കാര്‍ഡാണ് പെരേര 113 ആക്കിയത്. 2005 മുതല്‍ ഉറുഗ്വെന്‍ ടീമംഗമാണ് വിക്ടോറിയോ മാക്‌സിമിലാനോ പെരേര. മൂന്ന് രാജ്യാന്തര ഗോളും സ്വന്തമാക്കിയിട്ടുണ്ട്. 2002 മുതല്‍ 2014വരെ ഉറുഗ്വെയ്ക്കായി ബൂട്ടണിഞ്ഞ ഡീഗോ ഫോര്‍ലാന്‍ അവരുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. 36 രാജ്യാന്തര ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2010 ലോകകപ്പില്‍ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ ഫോര്‍ലാനായിരിന്നു.

Related posts