വടകര: കാളവണ്ടീ ഇത് കാളവണ്ടീ… എന്നു തുടങ്ങുന്ന വിപ്ലവ ഗാനം വടകര കൃഷ്ണദാസിന്റെ ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ ശ്രോതാക്കള്‍ ആവേശത്തിന്റെ കൊടിമുടി കയറും. പതിറ്റാണ്ടുകള്‍ക്കു മുമ്പ് വള്ളിക്കാട് കുടികിടപ്പു സമരത്തിന്റെ പശ്ചാത്തലത്തില്‍ പിറന്ന ഈ ഗാനം ഇന്നും വേറിട്ടുനില്‍ക്കുന്നു. ദുരിതത്തില്‍ മുങ്ങിയവന്റെ വേദന അതേപടി ഒപ്പിയെടുക്കുകയും പരിഹാസത്തിന്റെ മൂര്‍ച്ചയേറിയ വാക്കുകള്‍ സമ്മേളിക്കുകയും ചെയ്ത ഈ ഗാനം കൃഷ്ണദാസ് പാടിമനോഹരമാക്കി. ”ഉള്ളവന്‍ സോഷ്യലിസം ചുമക്കുന്നു; ഇല്ലാത്തോന്‍ ചുമക്കുന്നു ചോര തുപ്പുന്നു” എന്ന വരി പരിഹാസത്തിന്റെ അങ്ങേ തലപ്പില്‍ നില്‍കുന്നു.
ആരാന്റെ ഹക്കില്‍ ആയിരം കണ്ണ് എന്ന നാടകത്തിനു വേണ്ടി കൃഷ്ണദാസ് പാടിയ ഈ ഗാനം ഇന്നും ഇടതു സമ്മേളന വേദികളില്‍ പുളകം വിരിയിക്കുന്നതാണ്. ഇതുപോലെ എത്രയെത്ര പാട്ടുകള്‍ക്കാണ് കൃഷ്ണദാസ് ശബ്ദം പകര്‍ന്നത്. വിപ്ലവഗായകനായും സംഗീത സംവിധായകനുമായി ജനഹൃദയങ്ങളില്‍ ഇടം നേടിയ കൃഷ്ണദാസ് അഞ്ചാം വയസില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങി. ഇരുപതാമത്തെ വയസില്‍ മദ്രാസ് ഗവണ്‍മെന്റിന്റെ സംഗീത പരീക്ഷ പാസായി.
പിന്നീട് തിരുവനന്തപുരം കലാനിലയം നാടക സംഘത്തില്‍ പാടിത്തുടങ്ങി. 1962ല്‍ അഴിയൂര്‍ ഗവ. ഹൈസ്കൂളില്‍ സംഗീതാധ്യാപകനായി നിയമനം ലഭിച്ചെങ്കിലും കമ്മ്യൂണിസ്റ്റായതിനാല്‍ പുറത്താക്കപ്പെട്ടു. 67ല്‍ രണ്ടാം ഇഎംഎസ് സര്‍ക്കാറാണ് ജോലിയില്‍ തിരിച്ചെടുത്തത്.1973ല്‍ പ്രമുഖ മാപ്പിളപ്പാട്ടു ഗായകന്‍ വി.എം. കുട്ടി തന്റെ ട്രൂപ്പിലേക്ക് ക്ഷണിച്ചതോടെയാണ് കൃഷ്ണദാസ് മാപ്പിളപാട്ടിന്‍െറ ലോകത്തെ ത്തിയത്. മൈലാഞ്ചി കൊമ്പൊടിച്ച്, ഉടനെ കഴുത്തന്റേത് അറുക്ക് ബാപ്പാ, കടലിനക്കരെ വന്നോരെ, കാനോത്ത് കഴിയുന്ന പെണ്ണ്, കണ്ടാലഴകുള്ള പെണ്ണ്, ഏ മമ്മാലിക്കാ, കമ്പിളിക്കാറില്‍, മക്കാ മരുഭൂമിയില്‍ തുടങ്ങിയ അനശ്വര ഗാനങ്ങള്‍ ഇദ്ദേഹത്തിന്‍െറതായിട്ടുണ്ട്.
എച്ച്എംവി, തരംഗിണി തുടങ്ങിയ കാസറ്റു കമ്പനികള്‍ക്ക് സംഗീതവും ആലാപനവും നിര്‍വഹിച്ചു. കൈതപ്രം, പി.ഭാസ്കരന്‍, പി.ടി. അബ്ദുറഹിമാന്‍, വി.ടി. കുമാരന്‍ തുടങ്ങി കേരളത്തിലെ മിക്ക കവികളുടെയും ഗാനങ്ങള്‍ സംഗീതം ചെയ്തിട്ടുണ്ട്. 79 ല്‍ കണ്ണാടിക്കൂട് എന്ന സിനിമക്കു വേണ്ടി ആറു പാട്ടുകള്‍ കൃഷ്ണദാസ് ഒരുക്കി. പി ടി അബ്ദുറഹ്മാന്റെ “ഓത്തുപളളീലന്നുനമ്മള്‍ പോയിരുന്ന കാലം” എന്ന ഗാനത്തിന് ആദ്യം സംഗീതം നല്‍കിയത് വടകര കൃഷ്ണദാസ് ആണ്.
സംഗീത നാടക അക്കാദമി പുരസ്കാരം ഉള്‍പെടെ നിരവധി അവാര്‍ഡുകള്‍ കൃഷ്ണദാസിനെ തേടിയെത്തി. ഓര്‍ക്കാട്ടേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫെയ്‌സിന്റെ പ്രഥമ ലൈഫ് അച്ചീവ്‌മെന്റ് പുരസ്കാരം കൃഷ്ണദാസ് ഇന്ന് ഏറ്റുവാങ്ങാനിരിക്കെയാണ് മരണം രംഗബോധമില്ലാത്ത കോമാളിയായി എത്തിയത്. സംഗീതരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചുള്ള പുരസ്കാരം നല്‍കാന്‍ മടപ്പള്ളി സ്വരഗംഗയിലെ വീട്ടുമുറ്റത്ത് ഉയരേണ്ട പന്തല്‍ മരണാനന്തര ചടങ്ങിന്റേതായി മാറി. ആവേശം തുടിക്കുന്ന വിപ്ലവഗാനങ്ങള്‍ പാടി കൈയടി നേടിയ കൃഷ്ണദാസ് ആ പാട്ടുകളിലൂടെ ജനഹൃദയങ്ങളില്‍ ജീവിക്കും.