ഉള്ളൂച്ചിറയില്‍ ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രത്തിനു പദ്ധതി

alp-uloorകോഴഞ്ചേരി: കോയിപ്രം പഞ്ചായത്തിലെ വിസ്തൃതമായ ഉള്ളൂച്ചിറയില്‍ ഗ്രാമീണ വിനോദ സഞ്ചാരകേന്ദ്രം ആരംഭിക്കുന്നതിനു നടപടികളാരംഭിച്ചു. പഞ്ചായത്തിലെ 15-ാം വാര്‍ഡിലാണ് 18 ഏക്കറുളള ഉള്ളൂച്ചിറ ജലാശയം. പ്രകൃതിരമണീയമായ ചിറ പായലുകളും കാടുകളും മൂടപ്പെട്ടിരിക്കുകയാണ്.  ചാലിന്റെ പുനരുജ്ജീവനം സാധ്യമാക്കാനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു.

ചിറയുടെ ചുറ്റുപാടുമുള്ള പ്രദേശങ്ങള്‍ കണ്ട കളക്ടര്‍  പ്രകൃതിക്കനുയോജ്യമായ വിനോദസഞ്ചാര പദ്ധതികളാണ് നടപ്പിലാക്കേണ്ടതെന്നും ഇതിന് ജില്ലാ ഭരണകൂടത്തിന്റെ എല്ലാ വിധ സഹായങ്ങളും ഉണ്ടാകുമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡ ന്റ് മോന്‍സി കിഴക്കേടത്ത് പറഞ്ഞു. ചിറയുടെ പുനരുജ്ജീവനുമായി ബന്ധപ്പെട്ട് പായലുകളും കാടുകളും മാറ്റുകയെന്നതാണ് ആദ്യം ചെയ്യുന്നതെന്നും  ഉള്‍നാടന്‍ സമ്പത്ത് ഏറെയുള്ള ചാല്‍ ഇതിന്റെ സാധ്യത കണക്കിലെടുത്തുകൊണ്ടുള്ള ഒരു മാസ്റ്റര്‍പ്ലാനാണ് തയാറാക്കുന്നതെന്നും പഞ്ചായത്ത് പ്രസി ഡന്റ് പറഞ്ഞു.

വികസനവുമായി ബന്ധപ്പെട്ട് വിനോദസഞ്ചാര വകുപ്പിന്റെയും ജനപ്രതിനിധികളുടെയും ഈ രംഗത്തെ വിദഗ്ധരുടെയും സഹായം തേടും. അഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ബോട്ടിംഗ്, കുട്ടവഞ്ചി സവാരി  എന്നിവ ക്രമീകരിക്കും. ഉള്ളൂച്ചിറയുടെ ചുറ്റുപാടുമുള്ള സ്ഥലത്തെ മണ്ണും വെള്ളവും സംരക്ഷിക്കാനുതകുന്ന സസ്യങ്ങളും മരങ്ങളും വച്ചുപിടിപ്പിച്ച്  ഗ്രീന്‍ ബെല്‍റ്റ് രൂപപ്പെടുത്തണമെന്നും ഇതിനുവേണ്ട സഹായങ്ങള്‍ ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും പ്രസിഡന്റ് അന്നപൂര്‍ണാദേവിയും പറഞ്ഞു.

ചാലിന്റെ ചുറ്റുപാടും താമസിക്കുന്ന കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കികൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കേണ്ടതെന്നും ഇതിന് എല്ലാ മേഖലയില്‍ നിന്നും സഹായം തേടണമെന്നും ബ്ലോക്ക് പഞ്ചായത്തംഗം അജയകുമാര്‍ വല്ലൂഴത്തില്‍ പറഞ്ഞു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല മാത്യൂസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലേഖ വിജയകുമാര്‍, ത്രിതല ജനപ്രതിനിധികളായ അജയകുമാര്‍ വല്ലൂഴത്തില്‍, വി.ജി. അനില്‍കുമാര്‍, ജോണ്‍ ചാണ്ടി, ഷിബു കുന്നപ്പുഴ എന്നിവരും ജില്ലാ കളക്ടറോടൊപ്പം എത്തിയിരുന്നു.

Related posts