കണ്ണൂര്‍: ഇടതുപക്ഷ സര്‍ക്കാരിന്റെ വിദ്യാര്‍ഥിവിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഡിഡിഇ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മൂന്നുപേര്‍ക്കു പരിക്കേറ്റു. ഇന്നു രാവിലെ 11.30 ഓടെയാണ് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍നിന്ന് മാര്‍ച്ച് ആരംഭിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദന്‍, സിഐ കെ.വി. വേണുഗോപാല്‍, എസ്‌ഐ കെ. കുട്ടികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹം സംഭവസ്ഥലത്തുണ്ടായിരുന്നു.
ഡിഡിഇ ഓഫീസില്‍ ഗേറ്റില്‍ വച്ചു പോലീസ് പ്രവര്‍ത്തകരെ തടഞ്ഞെങ്കിലും ചിലര്‍ മതില്‍ചാടി അകത്തുകടക്കുകയും പോലീസുമായി ഏറ്റുമുട്ടുകയുമായിരുന്നു. പോലീസ് പ്രവര്‍ത്തകരെ ലാത്തിവീശി ഓടിക്കുകയായിരുന്നു. ഇതിനിടയില്‍ ഒരുസംഘം ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. എംഎസ്എഫ് ജില്ല സെക്രട്ടറി സി.കെ. നജാഫ്, ജനറല്‍ സെക്രട്ടറി ഷുഹൈബ് കൊതേരി, സിവില്‍ പോലീസ് ഓഫീസര്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് എംഎസ്എഫ് സംസ്ഥാന സെക്രട്ടറികെ.സി. നിഷാദ് ഉദ്ഘാടനം ചെയ്തു.