തൃശൂര്‍: എംജി റോഡ് വികസനത്തിനു രൂപരേഖയായി. സ്വരാജ് റൗണ്ട് മുതല്‍ പാറയില്‍ ഏജന്‍സി വരെ എംജി റോഡ് ഡിടിപി സ്കീം പ്രകാരം 21 മീറ്ററും അവിടം മുതല്‍ പടിഞ്ഞാറെ കോട്ടവരെ വെസ്റ്റ് റിംഗ് റോഡ് ഏരിയ ഡിടിപി സ്കീം പ്രകാരം 25 മീറ്ററും വീതിയില്‍ നിര്‍മിക്കാനാണു ധാരണയായത്. റോഡ് വികസനം സംബന്ധിച്ച്ു ജനകീയ യോഗം ചേര്‍ന്നു പ്രാഥമിക ചര്‍ച്ച നടത്തുകയും യോഗം നിയോഗിച്ച പ്രത്യേക സമിതി രണ്ടു തവണ ചേര്‍ന്നുമാണ് ഇന്നലെ അന്തിമ തീരുമാനത്തിലെത്തിയത്. റോഡ് വികസനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നു ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി അറിയിച്ചു.പുഴയ്ക്കലില്‍നിന്നു തുടങ്ങുന്ന റോഡിനു പടിഞ്ഞാറെ കോട്ടവരെ 25 മീറ്റര്‍ വീതിയുണ്ടെന്നതിനാല്‍ പാറയില്‍ ഏജന്‍സി വരെ അതു നീട്ടാനാവുമെന്ന് ഉദ്യോഗസ്ഥര്‍ വിവരിച്ചു.
എന്നാല്‍, അയ്യന്തോള്‍ മേഖലയില്‍ 21 മീറ്ററാണു വീതിയെന്നും അതിനാല്‍ അവിടം മുതല്‍ സ്വരാജ് റൗണ്ട് വരെ 21 മീറ്ററില്‍ വീതി കൂട്ടല്‍ മതിയെന്നു വ്യാപാരി പ്രതിനിധി ജോര്‍ജ് കുറ്റിച്ചാക്കു നിര്‍ദേശിച്ചു. റോഡ് വികസനം 18 മീറ്ററില്‍ ഒതുക്കി സാധാരണക്കാര്‍ക്കു സുരക്ഷിതത്വം നല്‍കണമെന്നു രണ്ടു സെന്റ് കിടപ്പാടം പൂര്‍ണമായും റോഡിനു വിട്ടുനല്‍കേണ്ടിവരുന്ന റിട്ട. സൈനികന്‍ എം.ജെ. നാരായണന്‍ ആവശ്യപ്പെട്ടു. കോട്ടപ്പുറം റെയില്‍വെ മേല്‍പ്പാലത്തിന്റെ വീതികൂട്ടല്‍ ഉറപ്പുവരുത്താതെ റോഡ് വികസിപ്പിക്കുന്നതു ഫലപ്രദമല്ലെന്നു കൗണ്‍സിലര്‍ എം.എസ്. സമ്പൂര്‍ണ വിവരിച്ചു.
പാലത്തില്‍ കാല്‍നട യാത്രക്കാര്‍ക്കായി ഒന്നര മീറ്റര്‍ വീതിയില്‍ ഇരുവശത്തുമുള്ള നടപ്പാതയുടെ സ്ലാബുകള്‍ ഇളകി കിടക്കുകയാണെന്നും ഇതു വാഹനങ്ങള്‍ക്കായി തട്ടിനിരത്തി കൊടുക്കുകയും പാലത്തിന് ഇരുവശത്തും ഫുട്ഓവര്‍ബ്രിഡ്ജുകള്‍ സ്ഥാപിക്കുകയും ചെയ്താല്‍ ആശ്വാസമാകുമെന്ന വ്യാപാരികളുടെ അഭിപ്രായവും യോഗത്തിലുണ്ടായി. സൗജന്യമായി ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്കു ശേഷിക്കുന്ന സ്ഥലത്തു നിര്‍മാണം നടത്തുന്നതിനു ചില വിട്ടുവീഴ്ചകള്‍ ചെയ്തുകൊടുക്കണമെന്നു മുന്‍ എംഎല്‍എ എം.കെ. കണ്ണന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട രീതിയില്‍ റോഡ് വീകസനത്തിനു വീതിയെടുത്താലെ നഷ്ടപരിഹാരമടക്കമുള്ള ആനുകൂല്യങ്ങള്‍ക്കു നിയമം അനുവദിക്കൂവെന്നു എക്‌സി. എന്‍ജിനിയര്‍ എം.വി. രാജന്‍ വ്യക്തമാക്കി. രണ്ടു ഡിടിപി സ്കീം പ്രകാരമാണു ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കാനാവൂ. 25 മീറ്റര്‍ എടുക്കേണ്ട റീച്ചില്‍ അതെടുത്താലെ ആനുകൂല്യങ്ങളുണ്ടാവൂവെന്നും അദ്ദേഹം പറഞ്ഞു.
ആനൂകൂല്യങ്ങളുടെ സ്വഭാവവും നിയമത്തില്‍ പറയുന്ന വ്യവസ്ഥകളും അടങ്ങിയ കാര്യങ്ങള്‍ തയാറാക്കാനും ജനങ്ങളെ അതു ബോധ്യപ്പെടുത്തി തര്‍ക്കങ്ങളൊഴിവാക്കാനും അടിയന്തര നടപടികള്‍ കൈകൊള്ളുമെന്നും ഡെപ്യൂട്ടി മേയര്‍ വ്യക്തമാക്കി. ഭൂമി, വീട് എന്നിവ പൂര്‍ണമായി നഷ്ടപ്പെടുന്നവരുടെ പട്ടിക അടുത്ത ദിവസം തന്നെ തയാറാക്കും. ഇവരെ പെരുവഴിയിലാക്കാതെ പുനരധിവാസം ഉറപ്പുവരുത്തും. ഒഴിവാക്കപ്പെടുന്ന കെട്ടിടങ്ങളിലെ വാടകക്കാരുടെ പ്രശ്‌നവും സമാനരീതിയില്‍ പരിഗണിക്കും. ഫ്രീ സറണ്ടര്‍ ചെയ്തവരുടെ ഭൂമി ഉടനെ ഏറ്റെടുക്കും.
റെയില്‍വെ മേല്‍പാലം വീതികൂട്ടുന്നതിന് അപേക്ഷ ഇതുവരെ നല്‍കിയിട്ടില്ല. അതിനുള്ള നീക്കവും ഉണ്ടാകും. സ്ഥലം എംപി ഇത്തരം കാര്യങ്ങളില്‍ സഹകരിക്കാമെന്നു പലവേദികളിലും പ്രഖ്യാപിച്ചിട്ടും അദ്ദേഹത്തിന്റെയോ തൃശൂര്‍ എംഎല്‍എയുടെയോ സഹരണം തേടുന്നതു കുറേക്കൂടി സഹായകരമാവില്ലേയെന്ന അനാര്‍ക്ക് രാമകൃഷ്ണന്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ എം. വിജയന്‍ എന്നിവര്‍ ചോദിച്ചു. ആവശ്യമായ ഘട്ടം വന്നാലെ സ്ഥലം എംഎല്‍എയെയും എംപിയെയും കോര്‍പറേഷന്‍ പദ്ധതിയില്‍ കൂട്ടിയോജിപ്പിക്കേണ്ടതുള്ളൂവെന്നതാണു നിലപാടെന്നും അവരാണു കോര്‍പറേഷനെ ഭരിക്കേണ്ടതെന്ന നിലപാടില്ലെന്നും വര്‍ഗീസ് കണ്ടംകുളത്തി ചര്‍ച്ചയ്ക്കു മറുപടി നല്‍കി.
കമ്മിറ്റി കണ്‍വീനര്‍ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. മേയര്‍ അജിത ജയരാജന്‍, കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.ആര്‍. റോസിലി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത വിജയന്‍, കൗണ്‍സിലര്‍മാരായ ശാന്ത അപ്പു, അനൂപ് കരിപ്പാല്‍, ഷീന ചന്ദ്രന്‍, സുനിത വിനോദ്, മുന്‍ മേയര്‍ ഐ പി പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.