കൊട്ടാരക്കര: എംസിറോഡില്‍ വാകനാപകടങ്ങള് തുടര്‍ക്കഥയാകുന്നു. മരണങ്ങളും ദുരന്തങ്ങളും ആവര്‍ത്തിക്കപ്പെട്ടിട്ടും സുരക്ഷിത യാത്രക്കുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. പോലീസ്, കെഎസ്ടിപി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെല്ലാം ഇക്കാര്യത്തില്‍ ഗുരുതര വീഴ്ചയാണ് കാട്ടിവരുന്നത്. അപകടങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞദിവസം ഫോട്ടോഗ്രാഫറായ യുവാവ് കാറപകടത്തില്‍ മരിച്ചത്. ഏറത്തുകുളക്കട ജംഗ്ഷനിലായിരുന്നു അപകടം.നിയന്ത്രണം വിട്ട കാര്‍ വ്യാപാരസ്ഥാപനത്തില്‍ ഇടിച്ചുകയറിയാണ് കൊടുമണ്‍ സ്വദേശിയായ യുവാവ് മരിച്ചത്. ഇതിനും ഏതാനും ദിവസം മുമ്പാണ് വിനോദയാത്ര പോയി മടങ്ങിയ രണ്ട് യുവാക്കള്‍ ബൈക്കപകടത്തില്‍ മരിച്ചത്.
നാടിനെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. രാത്രി പത്തോടെ അപകടം നടന്നത് മൈലം റെയില്വേമേല്പാലത്തിന് സമീപത്തായിരുന്നു. അജ്ഞാതവാഹനമിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് നിഗമനമെഹ്കിലും ആ വഴിക്കുള്ള അന്വേഷണം എങ്ങുമെത്തിയിട്ടില്ല. സ്വന്തം വീടുകളില്‍ എത്താറായപ്പോള്‍ നടന്ന ദുരന്തത്തിന്റെ ഞെട്ടല്‍ നാട്ടുകാര്‍ക്ക് ഇനിയും മാറിയിട്ടില്ല. എംസി റോഡില്‍ ആയൂര്മുതല് കുളക്കടപാലംമുക്കുവരെയുള്ള ഭാഗത്താണ് സ്ഥിരം അപകടമേഖലകളുള്ളത്. പൊലിക്കോട്, വാളകംവളവ്, സദാനന്ദപുരം ഇറക്കം, സദാനന്ദപുരം, അപ്പര്കരിക്കം, ലോവര്‍ കരിക്കം, മൈലം റെയില്‍വേപാലം, ഇഞ്ചക്കാട് ശില്‍പ്പ ജംഗ്ഷന്, കലയപുരം, പുത്തൂര്‍മുക്ക്, കുളക്കട ലക്ഷംവീട് ഭാഗം, ഏറത്തുകുളക്കട,ആലപ്പാട് ക്ഷേത്രഭാഗം എന്നിവ അപകടമേഖലകളാണ്.
മിക്ക ദിവസങ്ങളിലും ചെറുതും വലുതുമായ അപകടങ്ങള്‍ ഈ ഭാഗങ്ങളില്‍ സംഭവിക്കുന്നു. എംസിറോഡ് നവീകരണത്തിനുശേഷമാണ് അപകടങ്ങളുടെ തോത് വര്‍ധിച്ചത്. സ്ഥിരം അപകടമേഖലകളിലൊന്നും സുരക്ഷാസംവിധാനങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഒരു മുന്നറിയിപ്പ് ബോര്‍ഡുപോലും ഒരിടത്തും സ്ഥാപിച്ചിട്ടില്ല. മൈലം റെയില്‍വേ പാലത്തിന്റെ ഇരുവശവും സ്ഥിരമായി അപകടങ്ങള്‍ സംഭവിച്ചുവരുന്നു. റോഡ് നിയമങ്ങള്‍ പാലിച്ചല്ല ഈ പാലത്തിന്റെ നിര്‍മാണം. സംസ്ഥാന പാതയായ എംസിറോഡില്‍ കൊടുംവളവ് സൃഷ്ടിച്ചുകൊണ്ടാണ് പാലം നിര്‍മിച്ചത്. പാലത്തിലേക്ക് ഇരുദിശകളിലേക്കുവരുന്ന വാഹനങ്ങള്‍ക്ക് അകലെവച്ചുതന്നെ എതിര്ദിശയില്വരുന്നവാഹനങ്ങള് കാണാന്‍ കഴിയുന്നവിധമായിരിക്കണംപാലങ്ങളുടെ നിര്‍മിതി എന്നതാണ് വ്യവസ്ഥ.ഇവിടെ കൊടുംവളവായതുനിമിത്തം വാഹനങ്ങള്‍ പാലത്തില്‍ കയറിയാല്‍ പോലും എതിരെവരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയില്ല.
എംസിറോഡ് നവീകരണ സമയത്ത് സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ അഴിമതിയാണ്ഇവിടെ സംസ്ഥാനപാതയില്‍ കൊടുംവളവ് വരാന്‍ കാരണം. സ്വകാര്യഭൂമികളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതാണ് ഇവിടം അപകടമേഖലയാകാന്‍ കാരണം. റെയില്‍വേ മേല്‍പ്പാലം പുതുക്കി നിര്‍മിച്ചപ്പോള്‍ റോഡുകള്‍ക്ക് അനുസൃതമായി നിര്‍മിക്കേണ്ടിയും വന്നു. വാളകത്തും സദാനന്ദപുരത്തും പുലമണിലുമെല്ലാം ഇതേ രീതിയില്‍ വളവുകള്‍ ഒഴിവാക്കി റോഡ് പുനര്നിര്മികകാന് കഴിഞ്ഞില്ല. റോഡിന്റെ ചരിവുകള്‍ ശാസ്ത്രീയമായി നിര്‍മിക്കാതിരുന്നതും റോഡ് പരുക്കനല്ലാതെ നിര്‍മിച്ചതും അപകടങ്ങളുടെ തോത് വര്‍ധിപ്പിച്ചതായി പഠനങ്ങള്‍ ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ ഇതൊന്നും പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ല. എംസിറോഡില്‍ അപകടമേഖലയില്പോലും തെരുവുവിളക്കുകള്‍ പ്രകാശിക്കുന്നില്ല. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ് ചുമതലയെങ്കിലും ഭീമമായ കറണ്ടുചാര്‍ജ് താങ്ങാന്കഴിയുന്നില്ലെന്നാണ് അവരുടെ നിലപാട്.