കണ്ണൂര്‍: നിയമസഭയില്‍ എം.വി. രാഘവനെ ചവിട്ടിമെതിച്ച സിപിഎമ്മുകാരുടെ കൂടെക്കൂടി അച്ഛനെ മറന്ന മകനാണ് എം.വി. നികേഷ്കുമാറെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഴീക്കോട് മണ്ഡലത്തില്‍ നികേഷ് മത്സരിക്കുന്നത് അറിഞ്ഞപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുവെന്നും യുഡിഎഫ് അഴീക്കോട് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത്രയധികം പീഡനമേറ്റ ഒരു രാഷ്ട്രീയനേതാവിന്റെ മകന്‍ പീഡിപ്പിച്ചവരോടൊപ്പം വേദി പങ്കിടുന്നതിന്റെ യാഥാര്‍ഥ്യം ജനം തിരിച്ചറിയും. ഇത് ഒരിക്കലും പൊതുസമൂഹം അംഗീകരിക്കില്ല. ന്യായീകരിക്കാന്‍ ആര്‍ക്കും കഴിയില്ല. ഇതിനു വോട്ടിലൂടെ മറുപടി നല്‍കാനിരിക്കുകയാണ് എല്ലാവരും.
യുഡിഎഫ് തുടങ്ങിവച്ച പല വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാന്‍ ഭരണതുടര്‍ച്ച സംസ്ഥാനത്ത് അനിവാര്യമായ കാലഘട്ടമാണിത്. യുഡിഎഫിന്റെ പ്രതീക്ഷ അസ്ഥാനത്താവില്ലെന്ന ഉത്തമവിശ്വാസം മുന്നണിക്കുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.വി. ഹാരിസ് അധ്യക്ഷത വഹിച്ചു.