കുറവിലങ്ങാട്: ഈ മേഖലയിലെ എം.സി റോഡ് വികസനത്തിലെ മെല്ലെപ്പോക്ക് കണ്ടാല്‍ കെഎസ്ടിപിക്ക് എന്തുമാകാമോ എന്ന് ആരും ചോദിച്ചുപോകും. ഇതുമാത്രമല്ല, കെഎസ്ടിപിയുടെ ഈ നിലപാടുകളെ ചോദ്യം ചെയ്യാന്‍ ആരുമില്ലേ എന്ന സംശയവും ശക്തമായി ഉയരും. ഇഴഞ്ഞുനീങ്ങുന്ന എം.സി റോഡ് വികസനത്തിനൊപ്പം ഓടയുടെ സ്ഥിതികൂടി കണ്ടാല്‍ ആരും പ്രതിഷേധിച്ചുപോകും. നിരതെറ്റിയ പല്ലുകണക്കെ കയറിയും ഇറങ്ങിയുമാണ് ഓടയുടെ മൂടി സ്ഥാപിച്ചിരിക്കുന്നത്. മൂടിയുള്ള സ്ഥലത്തേക്കാള്‍ കൂടുതലാണ് മൂടിയില്ലാത്ത ഓട. നടപ്പാതയിലൂടെയുള്ള യാത്രയില്‍ കണ്ണൊന്ന് പിഴച്ചാല്‍ വീണ് പല്ല്‌കൊഴിയുമെന്നതാണ് സ്ഥിതി. കാല്‍നടയാത്രക്കാര്‍ക്കൊപ്പം വാഹനങ്ങളും ഓടയൊരുക്കുന്ന ചതിക്കുഴിയില്‍പ്പെടുന്നുണ്ട്.
കോഴാ ജംഗ്ഷനില്‍ പുതുതായി സ്ഥാപിച്ച മീഡിയനുസമീപം മൂടിയില്ലാത്ത ഓടയില്‍ രണ്ടുദിനത്തിനുള്ളില്‍ രണ്ടുതവണയാണ് വാഹനം വീണത്. ഏറെ പ്രധാനമുള്ള എം.സി റോഡിലൂടെ അത്യാവശ്യമായി നടത്തുന്ന യാത്രയില്‍ ഇത്തരം അപകടം പതിയിരിക്കുന്നത് ആരും തിരിച്ചറിയില്ല. മൂടിയില്ലാത്ത ഓടയ്ക്കരുകിലേക്കെത്തുന്ന വാഹനം ചതിക്കുഴിയില്‍പ്പെടുകയാണിവിടെ. വാഹനത്തിന് കേടുപാടുകളുണ്ടാകുന്നതിനൊപ്പം യാത്രക്കാര്‍ നേരിടുന്ന അപകടഭീഷണിയും ചെറുതല്ലെന്നതാണ് സ്ഥിതി. ഓടയക്ക് മൂടി സ്ഥാപിച്ചിരിക്കുന്നത് വഴിപാടുകണക്കെയാണ്.
ചിലയിടങ്ങളില്‍ ഒരു സ്ലാബിനുമുകളില്‍ മറ്റൊരെണ്ണം കൂടി കയിറ്റിയിട്ടിരിക്കുകയാണ്. ചിലയിടത്ത് സ്ലാബ് ഓടയില്‍ വീണനിലയിലാണ്. ചിലയിടങ്ങളിലാകട്ടെ മൂടിയില്ലാതെയാണ് ഓടയുടെ കിടപ്പ്. അടുത്തനാളില്‍ ശുചീകരണമെന്ന പേരില്‍ സ്ലാബ് മാറ്റി വീണ്ടും സ്ഥാപിച്ചപ്പോള്‍ കൃത്യമായി ചെയ്യുമെന്ന കണക്കൂകൂട്ടലുണ്ടായെങ്കിലും പഴയതിലും കഷ്ടത്തിലായി കാര്യങ്ങള്‍. നടപ്പാതയിലൂടെ നടന്നാല്‍ സ്ലാബില്‍ തട്ടി വീഴാതെയോ ഓടയില്‍ വീഴാതെയോ രക്ഷപ്പെടുക എന്നത് അസാധ്യമാണെന്നതാണ് സ്ഥിതി.