ശ്രീകണ്ഠപുരം: മാഹിമദ്യം കടത്തുന്നത് തടഞ്ഞ എക്‌സൈസ് സംഘത്തെവെട്ടിച്ച് രക്ഷപ്പെട്ട പ്രതി കോടതിയില്‍ കീഴടങ്ങി. വയത്തൂര്‍ മട്ടിണിയിലെ പുതുക്കുളത്തില്‍ ശിവന്‍ എന്ന മട്ടിണിശിവനാ (55) ആണ് മട്ടന്നൂര്‍ കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ജനുവരി പത്തിന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. 36 കുപ്പി മാഹി മദ്യം ഇരിട്ടി ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനായി മട്ടിണി റോഡില്‍ വാഹനം കാത്ത് നില്‍ക്കുകയായിരുന്ന ഇയാളെ രഹസ്യവിവരത്തെ തുടര്‍ന്ന് എത്തിയ ശ്രീകണ്ഠപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സി. ആനന്ദ് കുമാറിന്റെ നേതൃത്വത്തില്‍ തടയുകയായിരുന്നു. എന്നാല്‍ മദ്യക്കുപ്പികള്‍ ഉപേക്ഷിച്ച് എക്‌സൈസ് സംഘത്തെ വെട്ടിച്ച് ഇയാള്‍ രക്ഷപ്പെട്ടു.
ജില്ലയ്ക്കകത്തും പുറത്തുമായി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ക്കായി വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെയാണ് കോടതിയില്‍ കീഴടങ്ങിയത്. അഞ്ചോളം അബ്കാരി കേസുകളില്‍ കൂടി പ്രതിയാണ് ഇയാള്‍. 2014 ജനുവരിയില്‍ ജീപ്പില്‍ മാഹിമദ്യം കടത്തുന്നതിനിടെ ഇയാള്‍ കേളകം പോലീസിന്റെ പിടിയിലായിരുന്നു. മട്ടന്നൂര്‍, ഇരിട്ടി, ശ്രീകണ്ഠപുരം എക്‌സൈസ് എന്നിവിടങ്ങളിലും ഇയാള്‍ക്കെതിരേ കേസ് നിലവിലുണ്ട്.