എച്ചിപ്പാറയില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു; നാട്ടുകാര്‍ ഭീതിയില്‍

TCR-KRISHIപാലപ്പിള്ളി: ചിമ്മിനിഡാമിനു സമീപം എച്ചിപ്പാറയില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടമിറിങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് ആനകള്‍ ഇറങ്ങി കൃഷി നശിപ്പിച്ചത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്നാണ് ആനകള്‍ ഇറങ്ങിയത്. ഓണത്തോപ്പില്‍ കുഞ്ഞിമരയ്ക്കാര്‍, കിഴക്കൂടന്‍ അരവിന്ദാക്ഷന്‍, തേക്കില്‍ ബീരാന്‍ എന്നിവരുടെ വീട്ടുവളപ്പുകളിലെ കവുങ്ങ്, വാഴ തുടങ്ങി കൃഷികളും പ്ലാവ്, തെങ്ങ് എന്നിവയും ആനക്കൂട്ടം നശിപ്പിച്ചു. ആനക്കൂട്ടത്തെ കണ്ട് ഭീതിയിലായ സമീപവാസികള്‍ ബഹളം വച്ചും പാട്ടകൊട്ടിയും ആനക്കൂട്ടത്തെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ആനകള്‍ ചി്ന്നം വിളിച്ച് നാട്ടുകാര്‍ക്ക് നേരെ വന്നതായും പറയുന്നു.

ആനക്കൂട്ടം പുലരുന്നതുവരെ ഈ പ്രദേശങ്ങളിലെ വീട്ടുവളപ്പുകളിലും കൃഷിയിടങ്ങളിലും നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. രാവിലെ റബര്‍ ടാപ്പിംഗിനായി പോകുന്ന തൊഴിലാളികളും ആനക്കൂട്ടം ഇറങ്ങിയതോടെ ഭീതിയിലാണ്. ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ വനംവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.

Related posts