എട്ടുകോടിയുടെ ഭാഗ്യവാനെ തേടി തൃശൂര്‍

TCR-LOTTARYതൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനമായ എട്ടു കോടി രൂപ ലഭിച്ച ഭാഗ്യശാലിക്കായി തെരച്ചില്‍ തുടരുകയാണ്. പട്ടിക്കാട് ചുവന്നമണ്ണ് സ്വദേശിയായ ലോട്ടറി വില്പനക്കാരന്‍ സന്തോഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. സമ്മാനാര്‍ഹമായ ടിസി 788368 എന്ന നമ്പറിലുള്ള ടിക്കറ്റ് വാങ്ങിയ ഭാഗ്യശാലിയെ സന്തോഷിന് ഓര്‍മയില്ല.

കുതിരാന്‍ ക്ഷേത്ര പരിസരത്താണ് സന്തോഷ് വര്‍ഷങ്ങളായി ടിക്കറ്റ് വില്പന നടത്തുന്നത്. ദേശീയപാതയോരത്തെ ക്ഷേത്രത്തില്‍ വിവിധയിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ പ്രാര്‍ഥിക്കാനെത്താറുണ്ട്. ഇവരില്‍ ആരെങ്കിലുമാവും ടിക്കറ്റെടുത്തതെന്നു കരുതുന്നു. പരിസരവാസികളും സുഹൃത്തുക്കളുമെല്ലാം സന്തോഷില്‍നിന്ന് ബമ്പര്‍ എടുത്തിരുന്നു.

ശക്തന്‍ സ്റ്റാന്‍ഡിലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് സന്തോഷ് തിരുവോണം ബമ്പറിന്റെ 50 ടിക്കറ്റുകള്‍ വില്പനയ്‌ക്കെടുത്തത്. വെള്ളിയാഴ്ച ഫലം അറിഞ്ഞതു മുതല്‍ ഭാഗ്യശാലിയെ കണെ്ടത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ചുവന്നമണ്ണ്, കുതിരാന്‍ മേഖലയിലുള്ളവര്‍. വിവരം അറിഞ്ഞവര്‍ പരസ്പരം ഫോണ്‍ ചെയ്തു ചോദിച്ചുകൊണ്ടിരുന്നെങ്കിലും രാത്രി വൈകിയും ഭാഗ്യവാനാരെന്നു തിരിച്ചറിഞ്ഞിട്ടില്ല. ഒന്നാം സമ്മാനം തങ്ങളുടെ ടിക്കറ്റിനായതിന്റെ ആഹ്ലാദം ശക്തന്‍ സ്റ്റാന്‍ഡിലെത്തിയ യാത്രക്കാര്‍ക്കു ലഡു വിതരണം ചെയ്താണ് ലോട്ടറി ഏജന്‍സിക്കാര്‍ ആഘോഷിച്ചത്.

ബാക്കിവന്ന ടിക്കറ്റില്‍ ഭാഗ്യകടാക്ഷം, തമിഴ്‌നാട്ടുകാരന് 50 ലക്ഷം

ഗുരുവായൂര്‍: തിരുവോണം ബമ്പര്‍ രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ ഗുരുവായൂരില്‍ ലോട്ടറി വില്പന നടത്തുന്ന തമിഴ്‌നാട് സ്വദേശിക്കു ലഭിച്ചു. തമിഴ്‌നാട് കൂടല്ലൂര്‍ കാട്ടുമന്നാര്‍ക്കുടി ശിവക്കം സ്വദേശി രാമലിംഗ(53)മാണ് ലക്ഷാധിപതിയായത്. എട്ടു രണ്ടാം സമ്മാനങ്ങളില്‍ ഒന്നാണ് ഗുരുവായൂരില്‍ അടിച്ചത്. ടി.ഇ.805900 എന്ന ടിക്കറ്റിനാണ് സമ്മാനം.1985ല്‍ ഗുരുവായൂരിലെത്തിയ രാമലിംഗം അന്നുമുതല്‍ ലോട്ടറി വില്പനയും നാട്ടുപണികളുമായി ഗുരുവായൂരിനടുത്ത് അരിയന്നൂരിലാണ് താമസം. വില്പനയ്ക്കായി വാങ്ങിയ ഓണം ബമ്പര്‍ ടിക്കറ്റില്‍ ബാക്കിവന്ന ഏക ടിക്കറ്റിനായിരുന്നു സമ്മാനം.

വര്‍ഷങ്ങളായി ഗുരുവായൂര്‍ പടിഞ്ഞാറെനടയിലെ രാശി ലക്കി സെന്ററില്‍ നിന്നു ടിക്കറ്റ് വാങ്ങിയാണ് വില്പന നടത്താറുള്ളത്. അരിയന്നൂര്‍, കണ്ടാണശേരി മേഖലയിലാണ് ടിക്കറ്റ് വില്പന. ഇതിനുമുമ്പ് ചെറിയ സമ്മാനങ്ങള്‍ അടിച്ചിട്ടുണെ്ടങ്കിലും ആദ്യമായാണ് വലിയ തുക അടിക്കുന്നതെന്നു രാമലിംഗം പറഞ്ഞു. ഭാര്യയും മൂന്നു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും തമിഴ്‌നാട്ടിലാണ് താമസം. തുടര്‍ന്നും ലോട്ടറി വില്പനയും നാട്ടുപണികളുമായി ഗുരുവായൂരില്‍ തുടരുമെന്നു രാമലിംഗം പറയുന്നു.

Related posts