എന്തുണ്ടായിട്ടെന്താ, സന്തോഷമില്ലെങ്കില്‍ പറഞ്ഞിട്ടെന്താകാര്യമെന്ന് “ആത്മഗതാഗത’പ്പെടുന്നവരെ (ആത്മഗതം) കണ്ടിട്ടില്ലെ. നിരാശയുടെ പടുകുഴിയിലിറങ്ങിയവര്. എന്നാല്‍ മധ്യപ്രദേശില്‍ ഇത്തരക്കാര്‍ക്ക് ആത്മഗതപ്പെടാനുള്ള സ്കോപ്പ് ഇനിയില്ല. കാരണം സന്തോഷത്തിനുതന്നെ സംസ്ഥാനം പുതിയ വകുപ്പ് രൂപീകരിച്ചിരിക്കുകയാണ്.
രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാനം സന്തോഷത്തിനായി വകുപ്പ് രൂപീകരിക്കുന്നത്. സാധാരണജനങ്ങളുടെ ജീവിത സന്തുഷ്ടിക്കായാണ് പുതിയ സന്തോഷ വിഭാഗമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു. സന്തോഷ വകുപ്പ് രൂപീകരിക്കാന്‍ കാബിനറ്റ് തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ജനങ്ങളുടെ ജീവിത സന്തുഷ്ടിക്ക് അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവ വളരെ അത്യാവശ്യമാണ്. ഭൂട്ടാനും യുഎസും ഐക്യരാഷ്ട്ര സംഘടനയും നിലവില്‍ ജനങ്ങളുടെ ജീവത സന്തുഷ്ടി അളക്കാന്‍ പലവിധ മാനകങ്ങളും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ ജനങ്ങളുടെ ആത്മീയമായ സന്തുഷ്ടിയും ഇന്ത്യന്‍ തത്വശാസ്ത്രങ്ങള്‍ അനുശാസിക്കുന്നതരത്തിലുള്ള അറിവിലൂടെയുള്ള സന്തോഷവുമാണ് ലക്ഷ്യംവയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനിത, ശിശുക്ഷേമം, ആരോഗ്യം തുടങ്ങിയ വകുപ്പുകള്പോലെതന്നെയാവും ഇതും പ്രവര്‍ത്തിക്കുക. ഈ ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രവര്‍ത്തനത്തിന് ഓരോവര്‍ഷവും 3.80 കോടി രൂപ വീതം ചെലവഴിക്കും. പുതുതായി വകുപ്പ് രൂപികരിക്കപ്പെട്ടെങ്കിലും ഇതിന് പ്രത്യേകം മന്ത്രിയുണ്ടാവില്ല. മുഖ്യമന്ത്രിക്കാണ് പുതിയ വകുപ്പിന്റെ ചുമതല. ചെയര്മാന് അധ്യക്ഷനായ കമ്മിറ്റിയുടെ കീഴിലാണ് വകുപ്പ് പ്രവര്‍ത്തിക്കുക.
ഒരു ചീഫ് എക്സിക്യുട്ടീവ് ഡയറക്ടറും ഉണ്ടാകും. ചെയര്മാന് മാസം ശമ്പളം 1.50 ലക്ഷം രൂപയും ഡയറക്ടര്‍ക്ക് 1.25 ലക്ഷം രൂപയുമാണ് (ജനങ്ങള്‍ ആകെമൊത്തം സന്തോഷത്തിലായില്ലെങ്കിലും ചെയര്‍മാനും ഡയറക്ടറും ഹാപ്പിയാകുമെന്ന് ചുരുക്കം). ഭൂട്ടാനില്‍നിന്നാണ് സംസ്ഥാനം ഈ ആശയം കടമെടുത്തിരിക്കുന്നത്. 2010 ലാണ് ഭൂട്ടാന് ആഭ്യന്തര സന്തുഷ്ടി മാനകത്തിനു രൂപം നല്‍കിയത്.