എന്തൊരു ക്രൂരത! രണ്ടര വയസുകാരിയെ മാതാവ് ശ്വാസം മുട്ടിച്ചു കൊന്നു; മൂത്ത കുട്ടിയുടെ തലയ്ക്കടിച്ചു; ജീവനൊടുക്കാന്‍ ശ്രമിച്ച അമ്മ ആശുപത്രിയില്‍

crimeമുണ്ടക്കയം ഈസ്റ്റ്: മാതാവ് രണ്ടര വയസുകാരിയെ ശ്വാസംമുട്ടിച്ചു കൊന്നു. ഏഴു വയസുള്ള മൂത്തമകളെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു. കൊക്കയാര്‍ പഞ്ചായത്തിലെ മേലോരത്താണ് സംഭവം. പന്തപ്ലാക്കല്‍ വീട്ടില്‍ സാജു-ജെസി ദമ്പതികളുടെ ഇളയ മകള്‍ അനീറ്റയാണ് മരിച്ചത്.

തലയ്ക്കും മൂക്കിനും ഗുരുതര പരിക്കേറ്റ മൂത്ത മകള്‍ അനുമോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകത്തിനുശേഷം അമിതഅളവില്‍ ഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ജെസി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസിന്റെ നിരീക്ഷണത്തില്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് സംഭവം. മേരോരത്തെ സ്വകാര്യ എസ്‌റ്റേറ്റിലെ ലയത്തിലാണ് ഇവര്‍ താമസിക്കുന്നത്. ഇന്നലെ രാത്രി മൂത്തമകള്‍ അനുമോളുടെ ശരീരത്തില്‍നിന്നു രക്തം ഒലിക്കുന്നതുകണ്ട് സാജു ഓടിയെത്തിയപ്പോഴാണ് ഇളയ മകള്‍ അനീറ്റയെ മരിച്ചനിലയില്‍ കണ്ടത്.

ഉടന്‍ അയല്‍വാസികളെ വിവരം അറിയിക്കുകയും അയല്‍വാസികളായ രവീന്ദ്രന്‍, മകന്‍ രജീഷ് എന്നിവര്‍ ചേര്‍ന്ന് കുട്ടികളെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അനുമോളുടെ പരിക്ക് ഗുരുതരമാണെന്നു കണ്ട് കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. പീരുമേട് എസ്‌ഐ പി.വി. മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ജെസിക്ക് മാനസികാസ്വസ്ഥമുള്ളതായി പോലീസ് പറയുന്നു. ഇതിനായി മരുന്നുകഴിച്ചുകൊണ്ടിരിക്കുന്നയാളാണത്രേ ജെസി.

Related posts