കൊല്ലം: അധികാരത്തിന്റെ ഗര്‍വില്‍ സിപിഎം സകല ജനാധിപത്യ മര്യാദകളെയും ചവിട്ടിമെതിക്കുകയാണന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രനെ വികസന സമിതികളില്‍നിന്നുപോലും ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ല. ജനങ്ങളുമായി ബന്ധപ്പെട്ട വികസന വിഷയങ്ങളിലല്ല സിപിഎംരാഷ്ട്രീയ വൈരം തീര്‍ക്കേണ്ടത്. അധികാരം തലയ്ക്ക് പിടിച്ച സഖാക്കള്‍ മര്യാദയുടെ സര്‍വ സീമകളും ലംഘിക്കുകയാണ്.
സിപിഎം എന്‍.കെ പ്രേമചന്ദ്രന് രാഷ്ട്രീയ ഭ്രഷ്ട് കല്‍പ്പിക്കുയാണ്. ഗ്രാമ പഞ്ചായയത്തുകളിലും, ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റി കോര്‍പ്പറേഷനുകളിലും നടക്കുന്ന ഔദ്യോഗിക പരിപാടികളില്‍നിന്നും എംപി യെ ഒഴിവാക്കുന്നത് നേരെത്തെതന്നെ പതിവാണ്. ഇപ്പോള്‍ ജില്ലാ തല വികസന സമിതികളില്‍നിന്നും ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ല.
അര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത വ്യക്തിയെ ഇത്തരത്തില്‍ ഒറ്റപ്പെടുത്തുന്നത് രാഷ്ട്രീയ മര്യാദയ്ക്ക് ചേര്‍ന്നതല്ല. ഇതിന് ജനങ്ങളോട് സിപിഎം കണക്ക് പറയേണ്ടിവരുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അഡ്വ.വിഷ്ണു സുനില്‍ പന്തളം, ആര്‍.എസ്. അബിന്‍, ഷാബു എസ്. എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ അറിയിച്ചു.