ചാത്തന്നൂർ: ശബരിമല മണ്ഡല-മകര വിളക്ക് ഉത്സവകാലത്ത് കെ എസ് ആർടിസിയുടെ സ്പെഷൽ സർവീസുകൾ കാര്യക്ഷമമായി നത്തുന്നതിന് ഓപ്പറേറ്റിംഗ് വിഭാഗത്തിൽ 650 ബദലി ജീവനക്കാരെ നിയമിക്കും.350 ഡ്രൈവർ മാരെയും 300 കണ്ടക്ടർമാരെയും ബദലി ജീവനക്കാരായി നിയമിക്കാൻ സിഎംഡി പ്രമോജ് ശങ്കറിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ പത്തിന് ചേർന്ന യോഗം തീരുമാനിച്ചു.
ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായി യാത്ര ചെയ്യുന്നതിനും ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനും അതീവ ജാഗ്രത പാലിക്കാനും എക്സിക്യൂട്ടീവ് ഡയറക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ ധാരണയായി.നിലയ്ക്കലിലെയും പമ്പയിലെയും ബസ് പാർക്കിംഗ് ഏരിയാകളിലെ കാടുകൾ വെട്ടി തെളിക്കണമെന്നും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കത്തു നല്കിയിട്ടുണ്ടെന്ന് കെ എസ് ആർടിസിയുടെ പമ്പ ഡിപ്പോയിലെ സ്പെഷൽ ഓഫീസർ റോയ് വർഗീസ് യോഗത്തെ അറിയിച്ചു.
ഇത് അടിയന്തരമായി നടപ്പാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പമ്പ – നിലയ്ക്കൽ ചെയിൻ സർവീസുകൾക്കായി 203 ബസുകൾ തയാറാക്കും.ശബരിമല ഉത്സവകാലത്ത് 467 ബസുകൾ ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിൽ 502 ബസുകളും സ്പെഷൽ സർവീസ് നടത്തും.
ആഢംബര ബസുകളും പ്രീമിയം ടൈപ്പ് ബസുകളും സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളും ഈ കൂട്ടത്തിലുണ്ടാവും. സ്പെഷൽ സർവീസ് നടത്തുന്ന എല്ലാ കേന്ദ്രങ്ങളിലേക്കും ആവശ്യമായ മെക്കാനിക്കുകൾ, വർക്ക് ഷോപ്പ് ജീവനക്കാർ എന്നിവരെ നിയോഗിക്കാനും തീരുമാനമായി.
പമ്പയിലേക്ക് സ്പെഷൽ സർവീസ് നടത്തുന്നതിന് പ്രധാന കേന്ദ്രങ്ങളായ ഓരോ ഡിപ്പോകൾക്കും അനുവദിച്ചിട്ടുള്ള ബസുകളും സർവിസുകളുടെ എണ്ണവും കോട്ടയം – 50 +20 , പത്തനംതിട്ട – 23, തിരുവനന്തപുരംസിറ്റി-8,ചെങ്ങന്നൂർ – 70+10,കൊട്ടാരക്കര – 25 , എറണാകുളം – 27+5, എരുമേലി- 27,കുമളി -17, പുനലൂർ – 10,ആര്യങ്കാവ് -2, അടൂർ – 2, തൃശൂർ – 2, ഗുരുവായൂർ – 1, കായംകുളം – 2, പമ്പ – നിലയ്ക്കൽ 203 ചെയിൻ സർവീസ് ഉൾപ്പെടെയാണ് ഇത്.
- പ്രദീപ് ചാത്തന്നൂർ