മുംബൈ: ഐപിഎല്‍ ഒമ്പതാം എഡിഷന്‍ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം. ഉദ്ഘാടന മത്സരത്തില്‍ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് എം.എസ്. ധോണി നയിക്കുന്ന റൈസിംഗ് പൂന സൂപ്പര്‍ ജയന്റ്‌സുമായി ഏറ്റുമുട്ടും. മത്സരം ഇന്ത്യന്‍ സമയം രാത്രി എട്ടിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ്.
തുടക്കത്തിലെ പതറിച്ചയില്‍നിന്ന് തിരിച്ചെത്തി കഴിഞ്ഞ സീസണിലെ കിരീടം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ എത്തുന്നത്. സന്തുലിതമായ ടീമാണ് മുംബൈയുടെ കരുത്ത്. വിദേശ താരങ്ങളായ കിറോണ്‍ പൊള്ളാര്‍ഡ്, ലെന്‍ഡല്‍ സിമണ്‍സ്, കോറി ആന്‍ഡേഴ്‌സണ്‍, മിച്ചല്‍ മക്‌ക്ലെന്‍ഹാന്‍ തുടങ്ങിയവരുടെ കരുത്ത് ടീമിന്റെ പ്ലസ് പോയിന്റാണ്. ലങ്കന്‍ പേസര്‍ ലസിത് മലിംഗ ആദ്യ രണ്ട് ആഴ്ച ടീമിനൊപ്പം ഇല്ലെങ്കിലും പിന്നീടു എത്തിച്ചേരുന്നതോടെ ബൗളിംഗ് ആക്രമണത്തിന്റെ കരുത്തും വര്‍ദ്ധിക്കും. ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബൂംറ എന്നി യുവ ഇന്ത്യന്‍ താരങ്ങളാണ് മറ്റൊരു വിശേഷത.
മറുവശത്ത് കന്നിക്കാരായ റൈസിംഗ് പൂന സൂപ്പര്‍ ജയ്ന്റ്‌സിന്റെ ലക്ഷ്യം പേരു സൂചിപ്പിക്കുന്നതുപോലെ ഐപിഎലില്‍ ഉദിച്ചുയരുകതന്നെയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അയോഗ്യമാക്കിയതോടെയാണ് എം.എസ്. ധോണി റൈസിംഗ് പൂനയുടെ നായകത്വത്തിലേക്ക് എത്തിയത്. സ്റ്റീവ് സ്മിത്ത്, അജിങ്ക്യ രഹാനെ, ആര്‍. അശ്വിന്‍, ഫാഫ് ഡുപ്ലസിസ്, കെവിന്‍ പീറ്റേഴ്‌സണ്‍ തുടങ്ങിയ വമ്പന്മാര്‍ പൂന സൂപ്പര്‍ ജയന്റ്‌സിന്റെ കരുത്താണ്.