എയ്ഞ്ചലായി മാത്യൂസ്; ലങ്കയ്ക്ക് 82 റണ്‍സ് ജയം

sp-angleകൊളംബോ: നായകന്‍ എയ്ഞ്ചലോ മാത്യൂസ് എയ്ഞ്ചലായി അവതരിച്ച മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്ക ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 82 റണ്‍സ് ജയം സ്വന്തമാക്കി. ബാറ്റുകൊണ്ടും ബോളുകൊണ്ടും മുന്നില്‍നിന്നു പടനയിച്ച നായകന്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്. സ്‌കോര്‍: ശ്രീലങ്ക 48.5 ഓവറില്‍ 288. ഓസ്‌ട്രേലിയ 47.2 ഓവറില്‍ 206.

ടോസ് ജയിച്ച് ക്രീസിലെത്തിയ ലങ്കയ്ക്കുവേണ്ടി എയ്ഞ്ചലോ മാത്യൂസ് 60 പന്തില്‍ 57 റണ്‍സ് സ്വന്തമാക്കി. 69 പന്തില്‍ 69 റണ്‍സുമായി കുശാല്‍ മെന്‍ഡിസും 53 പന്തില്‍ 54 റണ്‍സുമായി കുശാല്‍ പെരേരയും 67 പന്തില്‍ 48 റണ്‍സുമായി ദിനേശ് ചന്‍ഡിമലും ലങ്കന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്കി. ഓസ്‌ട്രേലിയയ്ക്കുവേണ്ടി ജയിംസ് ഫോക്‌നറും ആദം സാംപയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

289 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ഓസ്‌ട്രേലിയയുടെ രണ്ട് വിക്കറ്റും എയ്ഞ്ചലോ മാത്യൂസ് പിഴുതു. ആറ് ഓവറില്‍ 17 റണ്‍സ് വഴങ്ങിയാണ് മാത്യൂസ് രണ്ട് വിക്കറ്റ് സ്വന്തമാക്കിയത്. 88 പന്തില്‍ 76 റണ്‍സ് നേടിയ മാത്യു വേഡ്, 48 പന്തില്‍ 31 റണ്‍സ് നേടിയ ട്രാവിസ് ഹെഡ്, 33 പന്തില്‍ 30 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്ത് എന്നിവരാണ് ഓസീസ് നിരയില്‍ അല്പമെങ്കിലും ചെറുത്തു നിന്നത്.അഞ്ച് മത്സര പരമ്പര ഇതോടെ 1-1ല്‍ എത്തി. മൂന്നാം ഏകദിനം 28നു നടക്കും.

Related posts