എയ്‌റോ ബ്രിഡ്ജ് വഹിച്ചുള്ള ട്രക്ക് നാളെ രാവിലെ വിമാനത്താവളത്തിലെത്തും

KNR-AEROമട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എയ്‌റോ ബ്രിഡ്ജ് വഹിച്ചുള്ള ട്രക്ക് നാളെ രാവിലെ പദ്ധതി പ്രദേശത്തെത്തും. ഇന്നലെ രാത്രി 10ന് കണ്ണൂര്‍ മേലെചൊവ്വയില്‍ പുറപ്പെട്ട മൂന്നു ട്രക്കുകള്‍ പുലര്‍ച്ചെ നാലോടെ ചാലോട് എത്തി. എടയന്നൂര്‍, ചാലോട്, തെരൂര്‍ എന്നിവിടങ്ങളിലായി റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് ട്രക്കുകള്‍. ഇന്നു രാത്രി 10ന് എടയന്നൂരില്‍ നിന്ന് പുറപ്പെടുന്ന ട്രക്കുകള്‍ ഏഴു കിലോമീറ്റര്‍ അകലെയുള്ള വിമാനത്താവളത്തില്‍ പുലര്‍ച്ചെയോടെ എത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. എടയന്നൂര്‍ വിട്ടാല്‍ നാഗവളവിലെ കയറ്റവും വളവും ട്രക്കിന് കടന്നുപോകാന്‍ ബുദ്ധിമുട്ടാകുകയെന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്.

കഴിഞ്ഞ ശനിയാഴ്ച രാത്രി അഴീക്കല്‍ തുറമുഖത്ത് നിന്ന് കൂറ്റന്‍ ട്രക്കില്‍ പുറപ്പെട്ട എയ്‌റോ ബ്രിഡ്ജ് തിങ്കളാഴ്ച പുലര്‍ച്ചെയാണ് മേലെചൊവ്വയിലെത്തിയത്. തുടര്‍ന്ന് രാത്രി 10 ഓടെ വിമാനത്താവളത്തിലേക്കു ട്രക്കുകള്‍ പുറപ്പെടുകയായിരുന്നു. എന്നാല്‍ ആറു മണിക്കൂര്‍ കൊണ്ട് 15 കിലോമീറ്റര്‍ സഞ്ചരിച്ച് എടയന്നൂരില്‍ ട്രക്കിന്റെ യാത്ര അവസാനിപ്പിക്കുകയായിരുന്നു. ചാലോട് മുതല്‍ മട്ടന്നൂര്‍ വരെയുള്ള സ്ഥലങ്ങളില്‍ താഴ്ന്ന വൈദ്യുതി ലൈനില്‍ ഉയര്‍ത്തുന്ന പ്രവര്‍ത്തനം നടത്തിവരികയാണ്. ട്രക്ക് കടന്നുവരുന്ന റൂട്ടില്‍ രാത്രി 10 മുതല്‍  വൈദ്യുതി ഓഫ് ചെയ്തുവയ്ക്കും.

കൊച്ചിയിലെ ബോലോര്‍ ലോജിസ്റ്റിക്‌സ് കമ്പനിയാണ് ചൈനയില്‍ നിന്നും കപ്പല്‍ മാര്‍ഗം എയ്‌റോ ബ്രിഡ്ജുകള്‍ കണ്ണൂര്‍ അഴീക്കലിലെത്തിച്ചത്. എയ്‌റോ ബ്രിഡ്ജുകള്‍ എത്രയും വേഗത്തില്‍ വിമാനത്താവള പദ്ധതി പ്രദേശത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി അധികൃതര്‍. കമ്പനി പ്രതിനിധികളായ ജേക്കബ് മനോജ്, പി. ലൈജു എന്നിവരുടെ നേതൃത്വത്തിലാണ് ബ്രിഡ്ജുകള്‍ വിമാനത്താവളത്തിലെത്തിക്കുന്നത്. മട്ടന്നൂര്‍ പോലീസും കെഎസ്ഇബി അധികൃതരും ട്രക്കിനൊപ്പമുണ്ട്.

Related posts