കോഴിക്കോട്: വിവാഹമോചനത്തെത്തുടര്‍ന്ന് മുന്‍ ഭാര്യ നസീമയുമായുള്ള എല്ലാ പ്രശ്‌നങ്ങളും പറഞ്ഞു തീര്‍ത്തതായി കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ്. തങ്ങള്‍ക്കു പരസ്പരം പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും എല്ലാ കേസുകളില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നും ഫേസ്ബുക്ക് പേജിലൂടെ സിദ്ദിഖ് വെളിപ്പെടുത്തി. പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി കാണിച്ച് ഇരുവരും ഒപ്പിട്ട സംയുക്ത പ്രസ്താവനയും സിദ്ദിഖ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എംഎല്‍എമാരായ കെ.എം. ഷാജി, ഷാഫി പറമ്പില്‍ എന്നിവരുടെ മധ്യസ്ഥതയില്‍ കുറച്ചുദിവസങ്ങളായി നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഒത്തുതീര്‍പ്പെന്ന് സിദ്ദിഖ് പറഞ്ഞു. വിവാഹമോചനത്തെത്തുടര്‍ന്ന് പരസ്പരം ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്നും പ്രചാരണങ്ങളില്‍ നിന്നും പിന്‍വാങ്ങുന്നു. കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ചും നസമീയുടെ ഭാവി ജീവിതവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക വിഷയങ്ങളിലും പരസ്പരം ധാരണയിലെത്തിയിട്ടുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട മുഴുവന്‍ നിയമ നടപടികളില്‍ നിന്നും പിന്‍വാങ്ങുന്നു. പരസ്പരം കൊടുത്ത കേസുകള്‍ പിന്‍വലിക്കും. ഇതുസംബന്ധമായി നിലനില്‍ക്കുന്ന എല്ലാവിധ ചര്‍ച്ചകളും അവസാനിപ്പിക്കണമെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
വിവാഹമോചനവുമായി ബന്ധപ്പെട്ടു നേരത്തെ നസീമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടി. സിദ്ദിഖ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഉള്‍പ്പെടെ രാജിവച്ചിരുന്നു. ആരോപണമുക്തനാകുന്നതുവരെ സ്ഥാനങ്ങളില്‍ നിന്ന് മാറിനില്‍ക്കുമെന്നായിരുന്നു സിദ്ദിഖ് അന്നു പറഞ്ഞിരുന്നത്.