എല്‍ഡിഎഫില്‍ നടന്മാര്‍ക്കു കിട്ടുന്ന പരിഗണന പോലും കക്ഷികള്‍ക്കില്ല: കെ.ആര്‍. അരവിന്ദാക്ഷന്‍

kkd-kraravindakshanകണ്ണൂര്‍: എല്‍ഡിഎഫില്‍ സിനിമാ നടന്മാര്‍ക്കു ലഭിക്കുന്ന പരിഗണനപോലും ഒപ്പംനില്‍ക്കുന്ന കക്ഷികള്‍ക്കു ലഭിക്കാത്തത് ന്യായീകരിക്കാനാവില്ലെന്നു സിഎംപി സംസ്ഥാന സെക്രട്ടറി കെ.ആര്‍. അരവിന്ദാക്ഷന്‍. നിര്‍ണായകഘട്ടത്തില്‍ എല്ലാസ്ഥാനമാനങ്ങളും ഉപേക്ഷിച്ച് ഇടത് ഐക്യത്തിന്റെ പേരില്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന കക്ഷികള്‍ തികഞ്ഞ അവഗണനയാണ് അനുഭവിക്കുന്നതെന്നും അരവിന്ദാക്ഷന്‍ രാഷ്ട്രദീപികയോട് സംസാരിക്കവേ പറഞ്ഞു. ചര്‍ച്ചകള്‍ പലകുറി കഴിഞ്ഞിട്ടും ഒരുസീറ്റിന്റെ കാര്യത്തില്‍പോലും ഇതുവരെ ഉറപ്പൊന്നും ലഭിച്ചിട്ടില്ല. നിയമസഭയില്‍ പ്രാതിനിധ്യം ലഭിക്കത്തക്കവിധത്തില്‍ പരിഗണിക്കുമെന്നുമാത്രമാണു പറഞ്ഞുകൊണ്ടിരിക്കുന്നത്.

അതേസമയം വിജയം ഉറപ്പുള്ള സീറ്റുകളിലേക്ക് സിനിമാ നടന്മാരെയും ചാനല്‍ അവതാരകരെയും മറ്റും നിശ്ചയിച്ചുകൊണ്ടിരിക്കുന്നു. ഒപ്പം നില്‍ക്കുന്ന പാര്‍ട്ടികളെ പരിഹസിക്കുന്നതിനു തുല്യമാണിത്. കെപിഎസി ലളിതയ്ക്കും മുകേഷിനുമുള്ള പ്രാധാന്യംപോലും മുന്നണിക്കൊപ്പമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കു ലഭിക്കുന്നില്ലെന്നും അരവിന്ദാക്ഷന്‍ ക്ഷോഭത്തോടെ പറഞ്ഞു. മറ്റെല്ലാം ഉപേക്ഷിച്ച് മുന്നണിക്കൊപ്പം നില്‍ക്കുന്നവരെ പരിഗണിക്കാതിരിക്കുന്നതിനെ അംഗീകരിക്കാനാവില്ല. ഇരവിപുരം, കാഞ്ഞിരപ്പള്ളി, വടക്കാഞ്ചേരി എന്നീ മണ്ഡലങ്ങളില്‍ ഒന്നും വര്‍ക്കല, അഴീക്കോട് മണ്ഡലങ്ങളുമാണ് സിഎംപിക്കായി ചോദിച്ചത്. എന്നാല്‍ ഇതിലൊരു സീറ്റുപോലും നല്‍കുന്ന കാര്യത്തില്‍ തീരുമാനം പറഞ്ഞിട്ടില്ല.

അഴീക്കോട് എം.വി. രാഘവന്റെ മകന്‍ നികേഷ്കുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെകുറിച്ചുള്ള ചര്‍ച്ചകളെ കുറിച്ചു ചോദിച്ചപ്പോള്‍ അഴീക്കോട് സിഎംപിക്ക് ലഭിക്കുന്ന കാര്യത്തില്‍ ഒരു ഉറപ്പും കിട്ടിയിട്ടില്ലെന്നാണ് മറുപടി. അഴിക്കോട് സിഎംപിക്കു ലഭിച്ചാല്‍ സ്ഥാനാര്‍ഥിയുടെ കാര്യം പാര്‍ട്ടി ചര്‍ച്ചചെയ്തു തീരുമാനിക്കും. എം.വി. രാഘവന്റെ മക്കളില്‍ എം.വി. രാജേഷ് പാര്‍ട്ടിയുടെ സംസ്ഥാനകമ്മിറ്റിയംഗമാണ്.

മകള്‍ ഗിരിജയും മരുമകന്‍ കുഞ്ഞിരാമനും നികേഷിനേക്കാള്‍ പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാക്കളാണ്. പാട്യം രാജനെപോലുള്ള പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളും കണ്ണൂരിലുണ്ട്. 22ന് എറണാകുളത്ത് സിഎംപി-അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ സംസ്ഥാനകമ്മിറ്റി ചേര്‍ന്ന ശേഷം ഉചിതമായ തീരുമാനങ്ങളെടുക്കുമെന്നും കെ.ആര്‍. അരവിന്ദാക്ഷന്‍ പറഞ്ഞു.

Related posts