എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിരാശാജനകമെന്ന് ചെന്നിത്തല

knr-remeshചേര്‍ത്തല: എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടരമാസത്തെ പ്രവര്‍ത്തനം നിരാശജനകമാണെന്നും ഇങ്ങനെ പോയാല്‍ പിണറായി സര്‍ക്കാര്‍ കാലാവധി തികയ്ക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വയലാറില്‍ ദേവകികൃഷ്ണ സ്മാരകമന്ദിരം ഉദ്ഘാടനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ എല്ലായിടത്തും ബിജെപി ആക്രമണം നടത്തുന്നു. തൊട്ടുപിന്നില്‍ സിപിഎമ്മും ഉണ്ട്. ബിജെപിയാണ് കേരളത്തില്‍ ബോംബ് ഉണ്ടാക്കുന്നതില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് സിപിഎം. എന്തിനാണ് ബിജെപി ബോംബ് ഉണ്ടാക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍ മറുപടി  പറയണം.

യുഡിഎഫ് വിട്ടുപോയവരുടെ പിന്നാലെ നടക്കാന്‍ കോണ്‍ഗ്രസിനെ കിട്ടില്ല. ആരെങ്കിലും പോയതു കൊണ്ട് യുഡിഎഫിനു യാതൊരു കുഴപ്പവും ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മേഴ്‌സിരവി ഓഡിറ്റോറിയം അദ്ദേഹം ഉദ്ഘാടനം ചെയ്തു. വയലാര്‍ രവിയുടെ അമ്മ എന്നതിനപ്പുറത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി പോരാടിയ വ്യക്തിത്വമായിരുന്നു ദേവകികൃഷ്ണനെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

സ്മാരകമന്ദിര നിര്‍മാണ സമിതി ചെയര്‍മാന്‍ കെ.ആര്‍. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. മേഴ്‌സിരവി ഗ്രന്ഥശാല ഉദ്ഘാടനം കെ.സി വേണുഗോപാല്‍ എംപി നിര്‍വഹിച്ചു. ബ്ലോക്ക് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസുകളുടെ ഉദ്ഘാടനം ഡിസി സി പ്രസിഡന്റ് എ.എ ഷുക്കൂറും ഫോട്ടോ അനാഛാദനം നടന്‍ ജയറാമും നിര്‍വഹിച്ചു.

Related posts