തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയായി എസ്.എം. വിജയാനന്ദിനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി ഈ മാസം 30നു വിരമിക്കുന്ന ഒഴിവിലാണു നിയമനം. 1981 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വിജയാനന്ദിന് 2017 മാര്‍ച്ച് വരെ ചീഫ് സെക്രട്ടറിയായി തുടരാനാകും.
തിരുവനന്തപുരം സ്വദേശിയായ വിജയാനന്ദ് തദ്ദേശ വകുപ്പു സെക്രട്ടറിയായിരിക്കേയാണു സംസ്ഥാനത്തു ജനകീയാസൂത്രണത്തിനും അധികാര വികേന്ദ്രീകരണത്തിനും തുടക്കമിട്ടതും നടപ്പാക്കിയതും. 11 വര്‍ഷം സംസ്ഥാനത്തെ തദ്ദേശ വകുപ്പിന്റെ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ കേന്ദ്രപഞ്ചായത്തീരാജ്് സെക്രട്ടറിയാണ്. ദേശീയ തൊഴിലുറപ്പു പദ്ധതി, ഇന്ദിരാ ആവാസ് യോജന എന്നിവയുടെ ചുമതലയും നിര്‍വഹിച്ചു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1981ല്‍ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ ദേശീയ തലത്തില്‍ ഏഴാം റാങ്ക് നേടി. അട്ടപ്പാടിയില്‍ ജനപങ്കാളിത്തത്തോടെയുള്ള ആദിവാസി ക്ഷേമം സംബന്ധിച്ച പ്രബന്ധത്തിന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് എംഫില്‍ നേടി.
ഇടുക്കി ജില്ലാ പ്ലാനിംഗ് ഓഫീസറായിരിക്കെ പട്ടികജാതി, വര്‍ഗ ക്ഷേമത്തിനും പശ്ചിമഘട്ട വികസനത്തിനും ഉതകുന്ന പദ്ധതികള്‍ ആവിഷ്കരിച്ചു. അട്ടപ്പാടി പ്രോജക്ട് ഓഫീസര്‍, കൊല്ലം ജില്ലാ കളക്ടര്‍, സംസ്ഥാന ലേബര്‍ കമ്മീഷണര്‍, ഐഎംജി ഡയറക്ടര്‍, കില അധ്യക്ഷന്‍, കുടുംബശ്രീ ഉപാധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
നേരത്തെ ജിജി തോംസണ്‍ പകരക്കാരനായി പി. കെ മൊഹന്തിയെ നിയമിക്കുമ്പോള്‍ തന്നെ മേയ് മുതല്‍ വിജയാനന്ദിനെ ചീഫ് സെക്രട്ടറിയാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു.