ഏഴുവയസുകാരിയെ പിതാവ് നിലത്തടിച്ചുകൊന്ന കേസ്; 20 ന് പ്രതിയെ ചോദ്യംചെയ്യും

KKD-BLOODതലശേരി: തളര്‍വാതം പിടിപെട്ട് കിടപ്പിലായിരുന്ന ഏഴുവയസുകാരിയായ മകളെ പിതാവ് നിലത്തടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ശ്രീകലാ സുരേഷ് മുമ്പാകെ പൂര്‍ത്തിയായി. തൃപ്രങ്ങോട്ടൂര്‍ അരയാക്കണ്ടി പീടികയില്‍ സൂരിക്കണ്ടിയില്‍ ഐശയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണു പൂര്‍ത്തിയായത്. ഐശയുടെ പിതാവ് അബു(36) വാണു കേസിലെ പ്രതി. 2010 ജനുവരി 14 നാ രാത്രി 10 നാണു കേസിനാസ്പദമായ സംഭവം. തളര്‍വാതം പിടിപെട്ടു കിടക്കുകയായിരുന്ന മകളെ പ്രതി വീടിന്റെ വരാന്തയില്‍വച്ചു നിലത്തടിച്ചു കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്.

26 സാക്ഷികളുള്ള ഈ കേസില്‍ പെണ്‍കുട്ടിയുടെ മാതാവുള്‍പ്പെടെയുള്ള 16 സാക്ഷികളെയാണു വിസ്തരിച്ചത്. എട്ടു തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജറാക്കി. വിചാരണയുടെ അടിസ്ഥാനത്തില്‍ പ്രതിയെ 20 ന് കോടതി ചോദ്യം ചെയ്യും.

Related posts