മിര്‍പൂര്‍: അറബി വീര്യത്തിനു മുന്നില്‍ പതറിയെങ്കിലും ലങ്ക തോറ്റില്ല. 14 റണ്‍സിനു യുഎഇയെ കീഴടക്കി ഏഷ്യാ കപ്പ് ട്വന്റി-20യില്‍ ശ്രീലങ്കയ്ക്കു ജയത്തുടക്കം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ എട്ടു വിക്കറ്റിന് 128 റണ്‍സെടുത്തു.മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇക്ക് 20 ഓവറില്‍ ഒമ്പതു വിക്കറ്റിന് 115 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നാലോവറില്‍ 26 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ലസിത് മലിംഗയാണ് യുഎഇയെ തകര്‍ത്തത്.
ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ദില്‍ഷനും (27)-ദിനേഷ് ചണ്ഡിമലും (50) നല്‍കിയത്. 68 റണ്‍സിന്റെ ഒന്നാംവിക്കറ്റ് കൂട്ടുകെട്ടിനുശേഷം മധ്യനിര തകര്‍ന്നത് ദ്വീപുകാര്‍ക്കു തിരിച്ചടിയായി. നാലു പേര്‍ക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്.മറുപടി ബാറ്റിംഗില്‍ ആദ്യ ഓവറില്‍ തന്നെ യുഎഇയുടെ രണ്ടു വിക്കറ്റുകള്‍ നിലംപൊത്തി. ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞതോടെ ടൂര്‍ണമെന്റിനു ശുഭാരംഭം കുറിക്കാന്‍ ലങ്കയ്ക്കായി. മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇ തുടക്കത്തിലേ തകര്‍ന്നു. 37 റണ്‍സെടുത്ത സ്വപ്നില്‍ പാട്ടീലാണ് ടോപ് സ്കോറര്‍.