മിര്‍പുര്‍: ശ്രീലങ്കയെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യാ കപ്പ് ട്വന്റി-20 ഫൈനലില്‍ കടന്നു. ലങ്കയുടെ 139 റണ്‍സ് വിജയലക്ഷ്യം വിരാട് കോഹ്‌ലിയുടെ (56) അര്‍ധ സെഞ്ചുറി മികവില്‍ അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു. ചെറിയ സ്‌കോറിനെ പിന്തുടരാന്‍ ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടായിരുന്നു.
പരിക്കുമാറിയെത്തിയ ശിഖര്‍ ധവാനാണ് ആദ്യം വീണത്. ധവാന്‍ മൂന്നു പന്തുകള്‍ നേരിട്ട് ഒരു റണ്ണുമായി തിരികെപ്പോയി. കുലശേഖരയ്ക്കായിരുന്നു വിക്കറ്റ്. ധവാന്‍ മടങ്ങിയതിനു പിന്നാലെ അടുപ്പിച്ച് മൂന്നു ഫോറുകളുമായി കത്തിക്കയറിയ രോഹിത് ശര്‍മ(15)യും കുലശേഖരയ്ക്കു മുന്നില്‍ വീണു. പിന്നീട് ക്രീസില്‍ ഒത്തു ചേര്‍ന്ന റെയ്‌നയുടേയും (25) കോഹ്‌ലിയുടേയും അര്‍ധ സെഞ്ചുറി കൂട്ടുകെട്ടാണ് നീലപ്പടയെ കളിയിലേക്കു മടക്കികൊണ്ടുവന്നത്. റെയ്‌നയെ വീഴ്ത്തി ദുശാന്‍ ഷനക ലങ്കന്‍ ആരാധകരെ വീണ്ടും മോഹിപ്പിച്ചു.
എന്നാല്‍ പിന്നാലെവന്ന യുവരാജ് ലങ്കയുടെ സകലമോഹങ്ങളെയും തല്ലിക്കെടുത്തി. മൂന്നു സിക്‌സും മൂന്നു ഫോറുമായി പഴയ ഫോമിലേക്കു തിരിച്ചുവന്ന യുവി 18 പന്തില്‍ നിന്ന് 35 റണ്‍സ് അടുച്ചുകൂട്ടി. തിസാര പെരേരയ്ക്കു വിക്കറ്റു നല്‍കി യുവി മടങ്ങുമ്പോള്‍ ഇന്ത്യ വിജയത്തിന്റെ പടിക്കലെത്തിയിരുന്നു. പിന്നീടെത്തിയ ഹാര്‍ദിക് പാണ്ഡ്യ (2) പെട്ടെന്നു മടങ്ങിയപ്പോള്‍ ഇന്ത്യ ആശങ്കമണത്തു. എന്നാല്‍ ക്യാപ്റ്റന്‍ കൂളും ഉപനായകനും ചേര്‍ന്ന് ആശങ്കയില്ലാതെ ഇന്ത്യയെ വിജയതീരത്തെത്തിച്ചു.
ശ്രീലങ്കയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ഇന്ത്യന്‍ ബൗളിംഗിനുമുന്നില്‍ കളി മറന്ന ശ്രീലങ്ക നാലിനു 57 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ടതിനു ശേഷമാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്‌ടെത്തിയത്. 32 പന്തില്‍ 30 റണ്‍സെടുത്ത ചമര കപുഗഡേരയുടെയും 22 റണ്‍സെടുത്ത മിലന്ത സിരിവര്‍ധനയുടെയും ബാറ്റിംഗാണ് ലങ്കയെ മൂന്നക്കം കാണാന്‍ സഹായിച്ചത്. വാലറ്റത്ത് തിസാര പെരേര നടത്തിയ കൂറ്റനടികളും സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. ആറു പന്തില്‍ 17 റണ്‍സാണ് തിസാര അടിച്ചെടുത്തത്. ഇന്ത്യന്‍ ബൗളര്‍മാരും എക്‌സാട്രായുടെ രൂപത്തില്‍ കൈയയച്ചു ലങ്കയെ സഹായിച്ചു. പത്തു റണ്‍സാണ് ഇന്ത്യ അധികമായി വിട്ടുനല്‍കിയത്.
നേരത്തെ ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യക്കായി ജസ്പ്രീത് ബുമറയും ഹാര്‍ദിക് പാണ്ഡ്യയും അശ്വിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നെഹ്‌റയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. പരിക്കേറ്റ ലസിത് മലിംഗയ്ക്കു പകരം എയ്ഞ്ചലോ മാത്യൂസാണ് ലങ്കയെ നയിച്ചത്.