കുറ്റിയാടി: ഐഎസ് ബന്ധമാരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത യുവാവിന്റെ വീടിനുനേരെ ആക്രമണം നടന്നതിനെ തുടര്‍ന്ന് വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. വളയന്നൂര്‍ നങ്ങീലിക്കണ്ടി റംഷാദിന്റെ വീടിനുനേരെ കഴിഞ്ഞദിവസം അക്രമമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് കാവല്‍ ഏര്‍പ്പെടുത്തിയത്. കുറ്റിയാടി പോലീസ് ഇവിടെ രണ്ട് പോലീസുകാരെ കാവലിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 12ഓടെയാണ് വീടിനുനേരെ കല്ലേറുണ്ടായത്. റിമാന്‍ഡില്‍ കഴിയുന്ന യുവാവിനെ കാണാന്‍ വീട് പൂട്ടിയിട്ട് എല്ലാവരും എറണാകുളത്തുപോയ സമയത്താണ് അക്രമം നടന്നത്.
കല്ലേറില്‍ വീട്ടിലെ പത്ത് ജനല്‍ചില്ലുകള്‍ തകര്‍ന്നു. കുടിവെള്ള പൈപ്പ് തകര്‍ക്കുകയും വൈദ്യുതി മീറ്റര്‍ തകരാറിലാക്കുകയും ചെയ്തിട്ടുണ്ട്. വരാന്തയിലെ കസേര മുറ്റത്തേക്ക് വലിച്ചെറിഞ്ഞ നിലയിലാണ്. കുറ്റിയാടി പോലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി. പ്രദേശത്തെ അയല്‍വാസികളേയും മറ്റും പോലീസ് ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. ഐഎസ് ബന്ധം ആരോപിച്ച് പിടിയിലായവരുടെ വീടിനുനേരെ അക്രമമുണ്ടാകുമെന്ന് പോലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീടിന്റെ പരിസരത്ത് പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. പ്രദേശത്ത് പട്രോളിംഗും ശക്തമാക്കിയിരുന്നു. എന്നാല്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തെയും മറികടന്നാണ് അജ്ഞാതര്‍ റംഷാദിന്റെ വീട് ആക്രമിച്ചത്.
നിലവില്‍ റംഷാദിന്റെ ഉമ്മയും സഹോദരിയുമാണ് വീട്ടില്‍ താമസിക്കുന്നത്. വീടാക്രമണത്തെ സോളിഡാരിറ്റി കുറ്റിയാടി ഏരിയാ സെക്രട്ടറിയേറ്റ് അപലപിച്ചു. ഇരുട്ടിന്റെ മറവില്‍ നിയമം കയ്യിലെടുക്കുന്ന സാമൂഹികവിരുദ്ധര്‍ക്കെതിരെ ജനാധിപത്യ സമൂഹത്തില്‍നിന്ന് പ്രതിഷേധം ഉയരണമെന്നും സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ഒ.കെ. ഫാറൂസ് അധ്യക്ഷത വഹിച്ചു.