പത്തനംതിട്ടയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരം ! ഡാമുകള്‍ നിറഞ്ഞ് 2018ലെ മഹാപ്രളയത്തിനു സമാനമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു…

കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ടയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുന്നു. 2018ലെ മഹാപ്രളയത്തിനു സമാനമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

12 മണിക്കൂറിനിടെ 10 സെന്റിമീറ്റര്‍ മഴ പെയ്തതായാണ് അനൗദ്യോഗിക കണക്ക്. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായ ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു.

ഇതില്‍ ഷട്ടറുള്ള ആനത്തോട് ഡാമില്‍ ഇന്നലെ വൈകുന്നേരം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാം ഏതു നിമിഷവും തുറക്കും. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി. മഴയ്‌ക്കൊപ്പം ശക്തമായ മിന്നലുമുണ്ട്.

ശബരിമലയില്‍ ഇന്ന് മേല്‍ശാന്തിമാരുടെ നറുക്കെടുപ്പും തുലാമാസ പൂജയ്ക്കായുള്ള നടതുറപ്പുമുണ്ട്. പമ്പാ ത്രിവേണിയിലും ജലനിരപ്പ് ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.

മഴ ശക്തമായി തുടര്‍ന്നാല്‍ മുഴുവന്‍ ഡാമുകളും തുറക്കാനാണ് ആലോചിക്കുന്നത്. ഇന്നു പുലര്‍ച്ചയോടെയാണ് മഴ കനത്തത്. അതിശക്തമായ മഴയാണ് കഴിഞ്ഞ അഞ്ചു മണിക്കൂറായി മഴ പെയ്യുന്നത്.

പത്തനംതിട്ട മലയാലപ്പുഴ മുസല്യാര്‍ കോളജിനു സമീപം വലിയ ഉരുള്‍ പൊട്ടലില്‍ വ്യാപക കൃഷിനാശം ഉണ്ടായി. കുമ്പഴയിലെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി.

കുമ്പഴ മലയാലപ്പുഴ റോഡിലേക്ക് വെള്ളം കയറുന്നു. റാന്നിയില്‍ ജലനിരപ്പ് ഉയരുന്നു. മഴവെള്ളം ഒഴുകി പോകാന്‍ ഇടയില്ലാതെ പത്തനംതിട്ട കെഎസ്ആര്‍ടിസി ഗാരേജ് വെള്ളത്തിനടയിലായി.

പന്തളം കുടശനാട് കാര്‍ തോട്ടിലേക്കു മറിഞ്ഞു. ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഏഴംകുളം അറുകാലിക്കല്‍ ഭാഗത്ത് മരം വീണ് വീട് തകര്‍ന്നു.

അടൂര്‍ മേഖലയില്‍ വൈദ്യുതി നിലച്ചു കോന്നിയില്‍ ശക്തമായ മഴയില്‍ തോടുകള്‍ കവിഞ്ഞു. വകയാര്‍, മുറിഞ്ഞകല്‍ മേഖലയില്‍ റോഡിലേക്കു വെള്ളം കയറി.

റാന്നിയില്‍ വലിയ തോട് കരകവിഞ്ഞു. പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ചെത്തോങ്കര, എസ്സി സ്‌കൂള്‍ ജംക്ഷന്‍, മാമൂക്ക്, ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളില്‍ വെള്ളം കയറി.

അരയാഞ്ഞിലിമണ്ണ്, കുറുമ്പന്‍മൂഴി കോസ്‌വേകള്‍ മുങ്ങി. പത്തനംതിട്ട നഗരത്തില്‍ നന്നുവക്കാട് വീടിനു മുകളില്‍ സമീപത്ത് വീട് വീണു. വടശേരിക്കരയില്‍ കിണര്‍ ഇടിഞ്ഞു താണു, ചെങ്ങറ സമരഭൂമിയില്‍ രണ്ട് പേര്‍ക്ക് ഇടിമിന്നലേറ്റു.

ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ ചിറ്റാര്‍, സീതത്തോട് ആങ്ങമൂഴി, പമ്പാ ത്രിവേണി എന്നിവിടങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്.

ഇവിടെ മഴ പെയ്യുന്നത് ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളപ്പൊക്കത്തിനു കാരണമാകും. കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിലേക്ക് ഇവിടെ നിന്നുള്ള വെള്ളമാണ് ഒഴുകിയെത്തുന്നത്.

തല്‍ക്കാലം ഡാമുകള്‍ തുറന്നു വിടേണ്ടതില്ലെന്നു മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഡാമുകള്‍ക്ക് ഇനിയും സംഭരണ ശേഷിയുണ്ട്.

മാത്രമല്ല, വൃഷ്ടി പ്രദേശത്ത് മഴയുടെ അളവ് കുറവാണെന്നും യോഗത്തില്‍ വിലയിരുത്തി. പ്രധാന ഡാമായ ആനത്തോട് ഇപ്പോഴും റെഡ് അലര്‍ട്ടില്‍ തന്നെയാണ്. ഇവിടെ 88% വെള്ളമായി.

പമ്പാ അണക്കെട്ടില്‍ 65.18 ശതമാനമാണ് വെള്ളം. ഇരു ഡാമുകളും അടച്ചിട്ടിരിക്കുന്നു. തുറന്നു വച്ചിരിക്കുന്ന മൂഴിയാര്‍ അണക്കെട്ടില്‍ 33.19 ശതമാനവും മണിയാറില്‍ 98.07 ശതമാനവുമാണ് ജല നിരപ്പ്.

ജില്ലയില്‍ കഴിഞ്ഞ മൂന്നു മണിക്കൂറില്‍ മാത്രം 7 സെന്റിമീറ്റര്‍ മഴ പെയ്തു. സംശയ നിവാരണത്തിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടാം1077.

തെക്കന്‍ ജില്ലകളില്‍ മിക്കയിടത്തും ശക്തമായ മഴ തുടരുകയാണ്. വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴയില്‍ തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടായി. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്നും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതിന്റെ ഭാഗമായി മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Related posts

Leave a Comment